സി.ബി.എസ്.ഇ. ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്: അപേക്ഷ ഡിസംബര്‍ 10 വരെ

By Web TeamFirst Published Dec 4, 2020, 12:06 PM IST
Highlights

പ്രതിമാസം 500 രൂപ നിരക്കില്‍ രണ്ടുവര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. രക്ഷിതാക്കള്‍ക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. അത് പെണ്‍കുട്ടി ആയിരിക്കണം.

ദില്ലി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) സ്‌കൂളില്‍ നിന്നും 2020-ല്‍ 60 ശതമാനം മാര്‍ക്കു വാങ്ങി പത്താംക്ലാസ് പാസായി പ്ലസ് ടു തലത്തില്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ തുടര്‍ന്നും പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് സി.ബി.എസ്.ഇ. മെറിറ്റ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു.

പ്രതിമാസം 500 രൂപ നിരക്കില്‍ രണ്ടുവര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. രക്ഷിതാക്കള്‍ക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. അത് പെണ്‍കുട്ടി ആയിരിക്കണം. ഈ വ്യവസ്ഥ തൃപ്തിപ്പെടുത്തുന്ന കുട്ടിയെ 'ഒറ്റപ്പെണ്‍കുട്ടി'യായി പരിഗണിക്കും. ഒരുമിച്ചു ജനിച്ച എല്ലാ പെണ്‍കുട്ടികളെയും 'ഒറ്റപ്പെണ്‍കുട്ടി' ആയി പരിഗണിക്കും.

വാര്‍ഷിക ട്യൂഷന്‍ ഫീസ് 1500 രൂപ കവിയാത്ത സി.ബി.എസ്.ഇ. സ്‌കൂളിലാകണം ഈ അക്കാദമിക് വര്‍ഷത്തെ പഠനം. അടുത്ത രണ്ടു വര്‍ഷം ട്യൂഷന്‍ ഫീസിലെ വര്‍ധന നിലവിലുള്ളതിന്റെ പത്തു ശതമാനം കവിയരുത്. എന്‍.ആര്‍.ഐ. വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവരുടെ പ്രതിമാസ ട്യൂഷന്‍ ഫീസ് 6000 രൂപ കവിയരുത്.

പത്താം ക്ലാസില്‍ 60 ശതമാനം മാര്‍ക്കുവാങ്ങിയ മറ്റു വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്ന എല്ലാ ഒറ്റപ്പെണ്‍കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കും. അപേക്ഷ ഡിസംബര്‍ 10നകം https://cbse.nic.in/newsite/student.html വഴി (സ്‌കോളര്‍ഷിപ്‌സ് ലിങ്ക്) ഓണ്‍ലൈനായി നല്‍കാം. 2019ല്‍ ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് അത് പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാനും ഇതേ സൈറ്റില്‍ ഡിസംബര്‍ 10 വരെ അവസരമുണ്ട്. പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുകയും അതിന്റെ പ്രിന്റൗട്ട്, രേഖകള്‍ സഹിതം വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള വിലാസത്തിലേക്ക് ഡിസംബര്‍ 28നകം കിട്ടത്തക്കവിധം അയച്ചുകൊടുക്കുകയും വേണം.

click me!