
ദില്ലി: ഒടുവിൽ ശരിയായി. വിദ്യാർത്ഥികൾക്ക് ആശ്വാസമായി സിബിഎസ്ഇ പുനർ മൂല്യനിർണയ അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റിൽ തകരാർ പരിഹരിച്ച് ഇന്ന് രാവിലെയോടെയാണ് സൈറ്റ് പ്രവര്‍ത്തനക്ഷമമായത്. ഇന്നുമുതൽ ഈ മാസം ആറുവരെ അപേക്ഷ സമർപ്പിക്കാം എന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്. ഇന്നലെയും വെബ്സൈറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ കടുത്ത പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു.
നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ പിഴവുകളിൽ പാർലമെന്ററി സമിതി മൊഴി രേഖപ്പെടുത്തിയിരുന്നു. സിബിഎസ്ഇയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നും ആരോപണമുയർന്നു. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ഇൻ്റർനെറ്റിൽ സുലഭമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റുകൾ രംഗത്തെത്തി. ഒഎസ്എം പോർട്ടലുമായി ബന്ധപ്പെട്ടാണ് ചോർച്ച കണ്ടെത്തിയത്. ഡാറ്റാ ബേസ് ആർക്കും ആക്സസ് ചെയ്യാവുന്ന നിലയിലാണെന്ന് എത്തിക്കൽ ഹാക്കർമാർ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടിരുന്നു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണയവുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇന്നലെ മുതൽ നൽകാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനുള്ള വെബ്സൈറ്റ് സജ്ജീകരിച്ചതായും സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കിക്കൊണ്ട് കുറ്റമറ്റ രീതിയിൽ വെബ്സൈറ്റ് പ്രവർത്തിക്കുമെന്നായിരുന്നു സിബിഎസ്ഇ അറിയിച്ചത്. സൈബർ സുരക്ഷാ വിദഗ്ധരും, സർക്കാരിൽനിന്നും ഐഐടിയിൽനിന്നുമുള്ള വിദഗ്ധരും ഇതിനായി സജീവമായി പ്രയത്നിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.