എൻടിഎ പുറത്ത് വിട്ട ഫലങ്ങളിൽ തന്നെ വ്യത്യസ്ത മാർക്ക് കാണിച്ചതായാണ് പരാതി. രണ്ട് മണിക്കൂറിനുള്ളിലാണ് ഈ മാർക്ക് മാറ്റമുണ്ടായതെന്നും ആര്യ സിംഗ് ആരോപിക്കുന്നത്.
കാൻപൂർ: നീറ്റ് ഫലത്തിൽ പരാതിയുമായി കൂടുതൽ പരീക്ഷാർത്ഥികൾ. ഒഎംആർ ഷീറ്റിൽ 609 മാർക്ക് എന്ന കാണിച്ച ഫലം വെബ്സൈറ്റിൽ ആദ്യം 540ഉം പിന്നീട് 167ആയും കുറഞ്ഞതായാണ് കാൻപൂർ സ്വദേശിനിയായ ഉദ്യോഗാർത്ഥി ആര്യ സിംഗ് ആരോപിക്കുന്നത്. എൻടിഎ പുറത്ത് വിട്ട ഫലങ്ങളിൽ തന്നെ വ്യത്യസ്ത മാർക്ക് കാണിച്ചതായാണ് പരാതി. രണ്ട് മണിക്കൂറിനുള്ളിലാണ് ഈ മാർക്ക് മാറ്റമുണ്ടായതെന്നും ആര്യ സിംഗ് ആരോപിക്കുന്നത്. എന്നാൽ ആര്യയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടതായും എന്നാൽ പരാതിക്ക് അടിസ്ഥാനമില്ലെന്നുമാണ് എൻടിഎ വിശദമാക്കുന്നത്.
സമാനമായ രീതിയിൽ അയോധ്യയിൽ നിന്നുള്ള ആരുഷി പട്ടേൽ എന്ന വിദ്യാർത്ഥിനിയും ഫലം വന്നതിന് പിന്നാലെ തന്റെ മാർക്കിൽ കുറവുണ്ടായതായി ആരോപിച്ചിട്ടുണ്ട്. സംഭവങ്ങൾ മൂല്യനിർണ്ണയത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കകൾ ഉണ്ടാക്കിയിട്ടുള്ളതിനാൽ എൻടിഎ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.സാങ്കേതിക തകരാറോ അല്ലെങ്കിൽ മൂല്യനിർണ്ണയത്തിൽ സംഭവിച്ച ഗുരുതരമായ പിഴവോ ആകാം എന്ന് ചൂണ്ടിക്കാണിച്ച് ആര്യ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്. തന്റെ വാദങ്ങളെ സാധൂകരിക്കുന്ന ഒഎംആർ ഷീറ്റ്, ഫലത്തിന്റെ സ്ക്രീൻഷോട്ടുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവയും ആര്യ പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ആര്യയുടെ രണ്ടാമത്തെ നീറ്റ് ശ്രമം ആയിരുന്നു ഇത്.
ആര്യയുടെ പരീക്ഷാ രേഖകൾ എൻടിഎ ഔദ്യോഗികമായി വീണ്ടും പരിശോധിച്ചുവെന്നും ആര്യ സിംഗിന്റെ യഥാർത്ഥ ഒ.എം.ആർ ഷീറ്റ് എൻ.ടി.എയുടെ പക്കൽ സുരക്ഷിതമായി തന്നെയുണ്ടെന്നുമാണ് എൻടിഎ വിശദമാക്കുന്നത്. ഈ യഥാർത്ഥ ഷീറ്റ് വിദ്യാർത്ഥിനിയുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് എൻ.ടി.എ അയച്ചുനൽകിയിരുന്നതുമാണ്.നിലവിൽ ഇന്റർനെറ്റിലും മാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒ.എം.ആർ ഷീറ്റിന്റെ ചിത്രം ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ചതാണെന്നാണ് എൻ.ടി.എ സ്ഥിരീകരിക്കുന്നത്. യഥാർത്ഥ ഒ.എം.ആർ ഷീറ്റിൽ പരീക്ഷാ നിരീക്ഷകരിൽ ഒരാൾ ഒപ്പുവെച്ച സമയം വൈകുന്നേരം 3:45 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന വ്യാജ ചിത്രത്തിൽ ഇത് ഉച്ചയ്ക്ക് 2:45 എന്ന് തിരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ, ഈ വ്യാജ ഒ.എം.ആർ ഷീറ്റിൽ ഡിജിറ്റൽ കൃത്രിമത്വം കാണിച്ചതിന്റെ നിരവധി അടയാളങ്ങൾ വേറെയും വ്യക്തമാണെന്നും എൻടിഎ ട്വിറ്റീലൂടെ വിശദമാക്കി.
ആര്യ സിംഗിന് ലഭിച്ച 167 മാർക്ക് എന്നത് കൃത്യമായി പരിശോധിച്ചുറപ്പിച്ചതാണെന്നും നേരത്തെ പ്രഖ്യാപിച്ച ഈ ഫലത്തിൽ യാതൊരു മാറ്റവുമില്ലാതെ അത് നിലനിൽക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗികമായി അറിയിക്കുന്നത്.വ്യാജ രേഖകൾ സമർപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്


