
ദില്ലി: പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 'ടോപ്പ് ക്ലാസ് സ്കോളർഷിപ്പ് പദ്ധതി'യിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. പട്ടികജാതി വിഭാഗക്കാർക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികളുടെ മുഴുവൻ ട്യൂഷൻ ഫീസും അക്കാദമിക് അലവൻസുകളും നൽകുന്നതാണ് പുതിയ പ്രഖ്യാപനം.
ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ്, എൻഐടികൾ, ദേശീയ നിയമ സർവകലാശാലകൾ, എൻഐഎഫ്ടി, എൻഐഡി, ഐഎച്ച്എമ്മുകൾ, മറ്റ് അംഗീകൃത കോളേജുകൾ എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന, 8 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികളാണ് ടോപ് ക്ലാസ് സ്കോളർഷിപ്പിന് അർഹർ. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമേ പുതിയ സ്കോളർഷിപ്പുകൾ ലഭിക്കുകയുള്ളൂ. ഇവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി കോഴ്‌സ് പൂർത്തിയാകുന്നതു വരെ സ്കോളർഷിപ്പ് പുതുക്കാനും സാധിക്കും.
കേന്ദ്രസർക്കാർ മുഴുവൻ ട്യൂഷൻ ഫീസും നോൺ റീഫണ്ടബിളായിട്ടുള്ള മറ്റ് ഫീസുകളും ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡി ബി റ്റി) വഴി വിദ്യാർത്ഥികൾക്ക് നേരിട്ട് കൈമാറും. പരമാവധി 2 ലക്ഷം രൂപ വരെയാണ് അനുവദിക്കുക. പുതിയ അറിയിപ്പ് അനുസരിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതച്ചെലവുകൾ, പുസ്തകങ്ങൾ, ലാപ്‌ടോപ്പുകൾ എന്നിവയ്ക്കായി ആദ്യ വർഷം 86,000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ 41,000 രൂപയും അക്കാദമിക് അലവൻസും ലഭിക്കും. ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റ് കേന്ദ്ര-സംസ്ഥാന പദ്ധതികളിൽ നിന്നുള്ള സമാനമായ സ്കോളർഷിപ്പുകൾ ലഭിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ സഹോദരങ്ങൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. കൂടാതെ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പഠിക്കുന്ന സ്ഥാപനങ്ങൾ മാറിയാലും യോഗ്യത നഷ്ടപ്പെടുന്നതാണ്. 2021–22 മുതൽ 2025–26 വരെയുള്ള കാലയളവിലേയ്ക്കായി ആകെ 21,500 സ്ലോട്ടുകളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 2024–25 കാലയളവിലേയ്ക്കുള്ള സ്ലോട്ടുകളുടെ എണ്ണം 4,400 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 30% പട്ടികജാതി പെൺകുട്ടികൾക്കായി സംവരണം ചെയ്യും. എന്നാൽ, പെൺകുട്ടികളുടെ സ്ലോട്ടുകൾ ബാക്കിയായാൽ ആ സ്ലോട്ടുകളിലേയ്ക്ക് ആൺകുട്ടികളെ ഉൾക്കൊള്ളിക്കാൻ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്.