പ്രാക്ടിക്കൽ പരീക്ഷാ തീയതികളിൽ മാറ്റം; ഹയർ സെക്കണ്ടറി പരീക്ഷകൾ 28 മുതൽ; വിഎച്ച്എസ്ഇ 21ന് തുടങ്ങും

By Web TeamFirst Published Jun 16, 2021, 7:52 PM IST
Highlights

പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പരീശിലിക്കാൻ കൂടുതൽ സമയം വേണമെെന്ന ആവശ്യം പരിഗണിച്ചാണ് മാറ്റം.  പരിശീലനത്തിന് ഈ മാസം 25 വരെ കുട്ടികൾക്ക് സ്കൂളിലെത്താം. 

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങുന്നത് ഈ മാസം 28ലേക്ക് മാറ്റി.  പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പരീശിലിക്കാൻ കൂടുതൽ സമയം വേണമെെന്ന ആവശ്യം പരിഗണിച്ചാണ് മാറ്റം.  പരിശീലനത്തിന് ഈ മാസം 25 വരെ കുട്ടികൾക്ക് സ്കൂളിലെത്താം.  വിഎച്ച്എസ്ഇ, എൻഎസ്ക്യുഎഫ് പ്രാക്ടിക്കൽ പരീക്ഷകൾ 21ന് തുടങ്ങും.  സർവ്വകലാശാല പരീക്ഷകൾ 28 മുതൽ തുടങ്ങാനാണ് തീരുമാനം.

ഡിജിറ്റൽ ക്ലാസുകൾ പര്യാപ്തമല്ലാത്തതും, മതിയായ പ്രാക്ടിക്കൽ പരീശിലനം ലഭിക്കാത്തതും കാരണം പരിശീലനത്തിന്  സമയം വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഹയർസെക്കണ്ടറി പരീക്ഷകൾ നിശ്ചയിച്ച തിയതിയിൽ നിന്നും 28ലേക്ക് മാറ്റിയത്.  പരിശീലനത്തിനായി 25ആം തിയതി വരെ സ്കൂളിലെത്താം.  അതാത് സ്കൂളുകളാണ് സാഹചര്യം നോക്കി ഈ സൗകര്യം ഒരുക്കേണ്ടത്.  

വിഎച്ച്എസ്ഇ, എൻ.എസ്.ക്യു.എഫ് പ്രാക്ടിക്കൽ പരീക്ഷകൾ 21ന് തുടങ്ങും.  വിദ്യാർത്ഥികളെ ബാച്ചുകളാക്കി തിരിച്ചാകും പ്രാക്ടിക്കൽ പരീക്ഷ. കൊവിഡ് പോസിറ്റീവായവർക്ക് രോഗം ഭേദമായതിന് ശേഷം പ്രത്യേകം പരീക്ഷ നടത്തും.  ലക്ഷണങ്ങളുള്ളവരെ പ്രത്യേകം മാറ്റിയിരുത്തണം.  കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പ്രാക്ടിക്കലുകൾക്ക് പരമാവധി ലാപ്ടോപ്പുകൾ എത്തിക്കണം. ചെയ്യേണ്ട പ്രാക്ടിക്കലുകളുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തിയും, കൈമാറി ഉപയോഗിക്കേണ്ട ഉപകരണങ്ങളുപയോഗിച്ച് ചെയ്യേണ്ടവ പരമാവധി കുറച്ചുമാണ് നിർദേശങ്ങൾ.  

ബോട്ടണിയിൽ മൈക്രോസ്കോപ്പ് ഉപയോഗിച്ചുള്ള പ്രാക്ടിക്കലുകൾ പരമാവധി ഒഴിവാക്കി സൂചനകൾ കണ്ട് ഉത്തരം നൽകുന്ന രീതിയിലായിരിക്കും പരീക്ഷ.  കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് വിദ്യാർത്ഥികളെ ബാച്ചുകളാക്കി തിരിച്ചായിരിക്കും പരീക്ഷ.  കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും, നിശ്ചിത തീയതിക്കകം പരീക്ഷകൾ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.   സർവ്വകലാശാല പരീക്ഷകളും 28നാണ് തുടങ്ങുക. വൈസ്ചാൻസലർമാരുമായി ചർച്ച ചെയ്താകും അന്തിമ തീരുമാനം.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!