Podicherry University| ലക്ഷദ്വീപിലെ കോളേജുകൾ ഇനി പോണ്ടിച്ചേരി സർവ്വകലാശാലക്ക് കീഴിൽ

By Web TeamFirst Published Nov 12, 2021, 11:02 AM IST
Highlights

അടുത്ത മാർച്ച് മുതൽ പൂർണ്ണമായും കോഴ്സുകൾ പോണ്ടിച്ചേരി സർവ്വകലാശാലയുടെ കീഴിലാകും. 18 വർഷമായി കാലിക്കറ്റ് സർവ്വകലാശാലയാണ് ലക്ഷദ്വീപിലെ കോഴ്സുകൾ നടത്തുന്നത്.
 

കോഴിക്കോട്: ലക്ഷദ്വീപിലെ കോളജുകൾ (Colleges in Lakshadweep) കാലിക്കറ്റ് സർവ്വകലാശാലയിൽ (Calicut University) നിന്ന് മാറ്റി പോണ്ടിച്ചേരി സർവ്വകലാശാലയ്ക്ക് (Pondicherry University) കൈമാറി. ലക്ഷദ്വീപ് ഭരണകൂടത്തിന്റേതാണ് തീരുമാനം. ഫയലുകൾ കൈമാറാൻ ലക്ഷദ്വീപ് ഉന്നതവിഭ്യാഭ്യാസ ഉദ്യോഗസ്ഥർ കാലിക്കറ്റ് സർവ്വകലാശാലയോട് ആവശ്യപ്പെട്ടു. അടുത്ത മാർച്ച് മുതൽ പൂർണ്ണമായും കോഴ്സുകൾ പോണ്ടിച്ചേരി സർവ്വകലാശാലയുടെ കീഴിലാകും. 18 വർഷമായി കാലിക്കറ്റ് സർവ്വകലാശാലയാണ് ലക്ഷദ്വീപിലെ കോഴ്സുകൾ നടത്തുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ചുള്ള ഒരു ഉത്തരവാണ് ഇപ്പോള്‍ കാലിക്കറ്റ് സർവ്വകലാശാലക്ക് ലഭിച്ചിരിക്കുന്നത്. അതിൽ പറഞ്ഞിരിക്കുന്നത്, ലക്ഷദ്വീപിലെ എല്ലാ കോഴ്സുകളും ഇനി പോണ്ടിച്ചേരി സർവ്വകലാശാലക്ക് ആയിരിക്കുമെന്നാണ്. കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ഫയലുകൾ കൈമാറാനാണ് സർവ്വകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ നിലവിൽ കോഴ്സുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യൻ കാലിക്കറ്റ് സർവ്വകലാശാല വിസി അടക്കമുള്ളവർ അവിടേക്ക് പോകാനും ചർച്ച നടക്കാനുമിരിക്കുന്നതിന്റെ ഇടയിലാണ് ഇത്തരത്തിലൊരു നീക്കമുണ്ടായിരിക്കുന്നത്. അടുത്ത മാർച്ച് മുതൽ ലക്ഷദ്വീപിലെ എല്ലാ കോളേജുകളുടെയും നടത്തിപ്പ് പോണ്ടിച്ചേരി സർവ്വകലാശാലക്ക് ആയിരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. 

ഇപ്പോൾ 4 കോടിയോളം രൂപ പരീക്ഷ നടത്തിപ്പ് വകയിൽ ലക്ഷദ്വീപ് ഭരണകൂടം കാലിക്കറ്റ് സർവ്വകലാശാലക്ക് നൽകാനുണ്ട്. അക്കാര്യത്തിൽ ഒരു മറുപടിയും നൽകിയിട്ടില്ല. അതുകൊണ്ട് ഈ ഫയലുകൾ തൽക്കാലം നൽകില്ല എന്ന തീരുമാനത്തിലാണ് കാലിക്കറ്റ് സർവ്വകലാശാല ഉള്ളത്. സിൻഡിക്കേറ്റ് ഇത് സംബന്ധിച്ച തീരുമാനം എടുത്തുവെന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്. കേരളവുമായിട്ടുള്ള ബന്ധം അറുത്തുമാറ്റുക എന്ന കൃത്യമായ ഒരു അജണ്ടയുടെ ഭാ​ഗമായിട്ടാണിത് എന്ന് വേണം കരുതാൻ. ലക്ഷദ്വീപിലെ ആളുകൾക്ക് പോണ്ടിച്ചേരിയിലെ സർവ്വകലാശാലയിൽ എത്താൻ തന്നെ രണ്ടോ മൂന്നോ ദിവസം വേണ്ടി വരും. അങ്ങനെയൊരു സാഹചര്യം ദ്വീപ് നിവാസികൾക്കുണ്ടായാലും തൽക്കാലം ഈ തീരുമാനത്തിലൂടെ മുന്നോട്ട് പോകാനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ തീരുമാനം. 

പുതുച്ചേരിയിലെ ഒരു കേന്ദ്ര സർവ്വകലാശാലയാണ് പോണ്ടിച്ചേരി സർവ്വകലാശാല. ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ആക്റ്റ് വഴി 1985 -ൽ ഇത് സ്ഥാപിതമായി. കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ലക്ഷദ്വീപ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ സർവ്വകലാശാലയ്ക്ക് കീഴിൽ വരുന്നു. ഏകദേശം നൂറിനടുത്ത് കോളേജുകൾ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജകളിലായി 51,000 -ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു. പുതുച്ചേരിയിലെ പ്രധാന ക്യാംപസിന് പുറമേ ലക്ഷദ്വീപിലും അൻഡമാൻ നിക്കോബാർ ദ്വീപുകളിലും സെന്ററുകളുണ്ട്. സർവ്വകലാശലയിലും സെന്ററുകളിലുമായി 6500 -ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.

 

click me!