
ദില്ലി: എം.ഫില്‍, പിഎച്ച്ഡി ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി). കോവിഡ്-19നെത്തുടര്‍ന്ന് ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം ഡിസംബര്‍ 31 വരെ നേരത്തെ നീട്ടിയിരുന്നു. അതാണിപ്പോള്‍ ആറുമാസത്തേക്ക് കൂടി നീട്ടി 2021 ജൂണ്‍ 30 വരെയാക്കിയത്.
കോവിഡിനെത്തുടര്‍ന്നുണ്ടായ അടച്ചിടല്‍ മൂലം ലബോറട്ടറി, ലൈബ്രറി സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഗവേഷകര്‍ക്ക് കഴിയാതിരുന്ന സാഹചര്യത്തിലാണ് തീയതികള്‍ നീട്ടുന്നതെന്ന് യു.ജി.സി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാനുള്ള സമയം നീട്ടിയിട്ടുണ്ടെങ്കിലും ഗവേഷണ കോഴ്‌സുകള്‍ക്കായുള്ള ഫെലോഷിപ്പുകള്‍ അഞ്ചുവര്‍ഷക്കാലയളവിലേക്ക് മാത്രമേ ലഭ്യമാകുകയുള്ളൂവെന്നും പ്രസ്താവനയിലുണ്ട്.