
ദില്ലി: ദില്ലി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടിവ്) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ആകെ 5486 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും അപേക്ഷിക്കാനുള്ള അവസരമുണ്ട്. പ്ലസ്ടു വിജയമാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്നത്. ഓൺലൈനായിട്ടാണ് അപേക്ഷ അയക്കേണ്ടത്. പുരുഷന്മാര്‍-3433, വനിത-1944, വിമുക്തഭരന്മാരിലെ (കമാന്‍ഡ് ഉള്‍പ്പടെ) എസ്.സി, എസ്.ടി വിഭാഗക്കാര്‍ (പുരുഷന്‍)- 469 എന്നിങ്ങനെയാണ് ഒഴിവുകള്‍. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അംഗീകൃത ബോര്‍ഡില്‍നിന്ന് നേടിയ പ്ലസ്ടു (സീനിയര്‍ സെക്കന്‍ഡറി) വിജയമാണ് യോഗ്യത. ദില്ലി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്ക് അപേക്ഷിക്കാന്‍ പതിനൊന്നാം ക്ലാസ് പാസ് മതി. പുരുഷന്മാര്‍ സാധുവായ എല്‍.എം.വി ലൈസന്‍സ് കായിക ക്ഷമതാ ടെസ്റ്റിനകം നേടിയിരിക്കണം. 21,700- 69100 രൂപയാണ് ശമ്പളം. ഓഗസ്റ്റ് ഒന്നിന് 18നും 25നും മധ്യേയായിരിക്കണം പ്രായം. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസില്ല. ഓണ്‍ലൈനായി സെപ്റ്റംബര്‍ 9 വരെയും ചലാന്‍ മുഖേന സെപ്റ്റംബര്‍ 14 വരെയും ഫീസടയ്ക്കാം. അപേക്ഷാ സമര്‍പ്പണം www.ssc.nic.in-ലെ വിജ്ഞാപനം വായിച്ചുമനസിലാക്കി ഓണ്‍ലൈനായി അപേക്ഷിക്കണം. രജിസ്‌ട്രേഷനും അപേക്ഷാസമര്‍പ്പണവും സംബന്ധിച്ച വിശദവിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - സെപ്റ്റംബര്‍ ഏഴ്.