സ്കൂൾ തുറക്കുന്ന ജൂണ്‍ 2 മുതൽ, കുട്ടികൾക്കായി 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

Published : May 22, 2025, 08:43 AM IST
സ്കൂൾ തുറക്കുന്ന ജൂണ്‍ 2 മുതൽ, കുട്ടികൾക്കായി 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

Synopsis

ഹയർ സെക്കന്ററി അക്കാദമിക  വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

തിരുവനന്തപുരം: കൗമാര വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ''കൂടെയുണ്ട് കരുത്തേകാൻ'' പദ്ധതി ജൂൺ 2 ന് തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കന്ററി അക്കാദമിക  വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനൊപ്പം വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

റാഗിംഗ്, അക്രമവാസന, നശീകരണ പ്രവർത്തനങ്ങൾ, ലഹരി ഉപയോഗം, വാഹന ദുരുപയോഗം തുടങ്ങിയവയ്ക്ക് ശാസ്ത്രീയ മാർഗങ്ങളിലൂടെ ശാശ്വത പരിഹാരം കാണുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  വ്യക്തി ശുചിത്വം, പരിസര ശുചിത്വം, നിയമാവബോധം എന്നിവയിൽ കൃത്യമായ ധാരണ സൃഷ്ടിക്കുകയും കേരള പാഠ്യപദ്ധതി ലക്ഷ്യമിടുന്ന ജ്ഞാന സമൂഹ നിർമ്മിതിയിൽ പങ്കാളികളാകാൻ അനുയോജ്യരായ ഒരു തലമുറയെ സൃഷ്ടിക്കുകയും ചെയ്യുക മറ്റൊരു ലക്ഷ്യമാണ്. വിവിധ മേഖലകളിലെ വിദഗ്ധരുടെ  ആശയങ്ങൾ ക്രോഡീകരിച്ചു പ്രവർത്തനാധിഷ്ഠിത മൊഡ്യൂളുകൾ പ്രാഥമികമായി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സമഗ്ര വിദ്യാർത്ഥി രക്ഷാകർതൃ, അദ്ധ്യാപക ശാക്തീകരണം പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും. ജൂൺ രണ്ടിന് സ്‌കൂൾ തുറക്കുന്ന ദിവസം  രക്ഷാകർത്താക്കൾക്കും, അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ, പ്രധാന്യം, നിർവ്വഹണരീതി എന്നിവയെക്കുറിച്ച്  ധാരണ നൽകും. കാര്യക്ഷമമായ രക്ഷാകർതൃത്വം, റാഗിംഗിനെ ആസ്പദമാക്കിയുള്ള നിയമ ബോധവത്കരണം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പോസിറ്റീവ് മനോഭാവവും സൗഖ്യവും കൗമാരകാലത്ത്, കൗമാര പെരുമാറ്റങ്ങൾ: പ്രശ്‌നങ്ങളും കരുതലുകളും,  ജീവിതമാണെന്റെ ലഹരി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും ശില്പശാലയും സംഘടിപ്പിക്കും. ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 21  ആചരിച്ചു കൊണ്ട് പദ്ധതി പരിസമാപിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

കൂടെയുണ്ട് കരുത്തേകാൻ പദ്ധതിയുടെ ഫലപ്രാപ്തി കൃത്യമായി വിലയിരുത്തി വിവിധ തലങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ കൂടി പരിഗണിച്ചു തുടർനടപടികൾ ആവിഷ്‌കരിക്കും. 41 വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകളിൽ ഒരോന്നിൽ നിന്നും ഒരു സൗഹൃദ ക്ലബ് കോർഡിനേറ്ററെയും, ഒരു നാഷണൽ സർവിസ് സ്‌കീം കോർഡിനേറ്ററെയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന പരിശീലക ടീമിന് സംസ്ഥാനതലത്തിൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ