E-Shram Registration : പാലക്കാട് ജില്ലയിലെ ഇ-ശ്രം രജിസ്ട്രേഷന്‍ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണം

By Web TeamFirst Published Dec 16, 2021, 12:35 PM IST
Highlights

ജില്ലയിലെ നിലവിലുള്ള കണക്കുകള്‍ പ്രകാരം എട്ട് ലക്ഷം തൊഴിലാളികളെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുക എന്നതാണ് ലക്ഷ്യം.

പാലക്കാട്: ജില്ലയിലെ അസംഘടിത തൊഴിലാളികളെ ഡിസംബര്‍ 31 നകം (E-shram portal) ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്ന് (registration) ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ജില്ലയിലെ വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇ-ശ്രം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. ജില്ലയിലെ നിലവിലുള്ള കണക്കുകള്‍ പ്രകാരം എട്ട് ലക്ഷം തൊഴിലാളികളെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുക എന്നതാണ് ലക്ഷ്യം. നിലവില്‍ മൂന്നു ലക്ഷം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് സാഹചര്യം മൂലം മന്ദഗതിയിലായ രജിസ്ട്രേഷന്‍ ത്വരിതപ്പെടുത്തുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

നിലവിലുള്ള കണക്ക് പ്രകാരം ജില്ലയിലെ തൊഴിലുറപ്പ് മേഖലയില്‍ നിന്നുള്ള 1.35 ലക്ഷം തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനും ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. നിലവില്‍ 70000 തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കുമെന്ന് തൊഴിലുറപ്പ് പദ്ധതി അധികൃതര്‍ അറിയിച്ചു.

രജിസ്ട്രേഷന്‍ വേഗത്തിലാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ട്രേഡ് യൂണിയനുകള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയുടെ സഹകരണം ഉറപ്പുവരുത്താനും യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ക്യാമ്പുകള്‍ മുഖേനയും നേരിട്ട് അക്ഷയകേന്ദ്രങ്ങള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇല്ലാത്ത എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചാണ് രജിസ്ട്രേഷന്‍ നടത്തുന്നത്. അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി (കോമണ്‍ സര്‍വീസ് സെന്റര്‍) എന്നിവയുടെ സഹായത്തോടെയാണ് ക്യാമ്പുകളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്.

click me!