അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍

Published : Dec 19, 2025, 05:44 PM IST
esther anil

Synopsis

ലോകത്തിലെ ഏറ്റവും മികച്ച ബുദ്ധിശാലികളുമായി മത്സരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. സ്വന്തം കഴിവിൽ സംശയം തോന്നുന്ന 'ഇംപോസ്റ്റർ സിൻഡ്രോം' മറികടക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി- എസ്തർ കുറിച്ചു. 

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടി എസ്തർ അനിൽ. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം എസ്തര്‍ വികാരനിർഭരമായ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു.

'കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ ട്രെയിനിൽ യാത്ര ചെയ്യുന്ന സമയ്ത് എന്‍റെ അച്ഛൻ എന്നെ വിളിച്ച് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കാൻ പോകുന്ന ഒരു പെൺകുട്ടിയുടെ അച്ഛനെ അദ്ദേഹം പരിചയപ്പെട്ടെന്ന് പറഞ്ഞു. എന്നോടു‌ അവളുമായി ഒന്ന് സംസാരിക്കാൻ അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ എന്നെങ്കിലും എനിക്കും അവിടെ പഠിക്കാൻ ശ്രമിക്കാമല്ലോ എന്ന് കരുതിയാകണം അങ്ങനെ പറഞ്ഞത്.

അച്ഛനെന്താ തമാശ പറയുകയാണോ എന്ന് തോന്നി പോയി. അന്ന് അവിടെ പഠിക്കാൻ പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല. ഇന്ന് ദാ, അതേ അച്ഛന്റെ മകൾ, ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ ബിരുദം പൂർത്തിയാക്കി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന് മുന്നിൽ നിൽക്കുന്നു.

എന്‍റെ മാതാപിതാക്കളോട് എനിക്ക് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ അഡ്മിഷൻ കിട്ടിയ വിവരം ആദ്യം പറഞ്ഞിരുന്നില്ല. കാരണം അതിന്‍റെ ചിലവ് അവർക്ക് താങ്ങാനാകില്ലായിരുന്നു. എന്റെ രണ്ട് സഹോദരങ്ങളും വിദ്യാഭ്യാസ ലോണിലാണ് പഠിച്ചിരുന്നത്. എന്റെ കയ്യിലും അത്രയും പണമില്ലായിരുന്നു. എത്ര സഹായങ്ങളും ഗ്രാന്റുകളും ലഭിച്ചാലും അതൊരു വലിയ സാമ്പത്തിക ബാധ്യത തന്നെയായിരുന്നു. പക്ഷേ അവർ പറഞ്ഞത് നിനക്ക് ഇത് എത്രത്തോളം വേണമെന്ന് ഞങ്ങൾക്കറിയാം. പണം എങ്ങനെയെങ്കിലും വരും. നീ പോയി പഠിക്കൂ എന്നാണ്.

ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലയിൽ അഡ്മിഷൻ കിട്ടിയിട്ടും, അതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച ബുദ്ധിശാലികളുമായി മത്സരിക്കാന്‍. സ്വന്തം കഴിവിൽ സംശയം തോന്നുന്ന 'ഇംപോസ്റ്റർ സിൻഡ്രോം' മറികടക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി'- എസ്തർ കുറിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

509 ഒഴിവുകൾ; ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്‍റിസ്ഷിപ്പിന് അപേക്ഷിക്കാം
ജർമ്മൻ യൂണിവേഴ്സിറ്റി ബിരുദവും യൂറോപ്യൻ കരിയറും സ്വന്തമാക്കാം! ജർമ്മൻ ടെക് പാത്ത്‌വേ പ്രോഗ്രാമുമായി കൊച്ചിൻ ജെയിൻ യൂണിവേഴ്സിറ്റി