മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ വിലയിരുത്തലില്‍ മിന്നുന്ന നേട്ടവുമായി ജാമിയ മിലിയ

By Web TeamFirst Published Jul 19, 2020, 8:21 PM IST
Highlights

ഗവേഷണരംഗത്തും അധ്യാപന രംഗത്തുമുള്ള സര്‍വ്വകലാശാലയുടെ മികവിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് ജാമിയ മിലിയ ഇസ്ലാമിയ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍. കഴിഞ്ഞ മാസം പുറത്ത് വന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രേംവര്‍ക്കില്‍ 10ാം സ്ഥാനവും ജാമിയ മിലിയ നേടിയിരുന്നു

ദില്ലി: സര്‍വ്വകലാശാലകളില്‍ മാനവ വിഭവ ശേഷി മന്ത്രാലയം നടത്തുന്ന വിലയിരുത്തലില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം 95.23 ശതമാനം സ്കോറാണ് സര്‍വ്വകലാശാല നേടിയതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തില്‍ നിന്നുള്ള കത്ത് വ്യക്തമാക്കുന്നു. വിശിഷ്ടമായ എന്ന പദവിക്കാണ് ജാമിയ മിലിയ ഇസ്ലാമിയ  സര്‍വ്വകലാശാല അര്‍ഹത നേടിയത്.

ഗവേഷണരംഗത്തും അധ്യാപന രംഗത്തുമുള്ള സര്‍വ്വകലാശാലയുടെ മികവിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് ജാമിയ മിലിയ ഇസ്ലാമിയ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ പ്രതികരിച്ചു. വരും വര്‍ഷങ്ങളില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമമെന്നും നജ്മ അക്തര്‍ എന്‍ഡി ടിവിയോട് വ്യക്തമാക്കി. 2019-20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ വിലയിരുത്തലിലാണ് ഈ നേട്ട കൈവരിക്കാന്‍ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയ്ക്ക് സാധിച്ചിട്ടുള്ളത്. 

കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും സര്‍വ്വകലാശാലയ്ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായതെന്നത് ശ്രദ്ധേയമായ നേട്ടമാണ്. മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ നേട്ടമെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ഥികളിലെ സമത്വവും വ്യത്യസ്തതയും, അധ്യാപകരുടെ വൈദഗ്ധ്യം, റിസല്‍ട്ട്, ഗവേഷണ രംഗത്തെ മികവ്, പഠനനിലവാരം , സാംസ്കാരിക രംഗത്തെ ഇടപെടലുകള്‍ എന്നിങ്ങളെ നിരവധി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മാനവ വിഭവശേഷി മന്ത്രാലയം സര്‍വ്വകലാശാലകളെ വിലയിരുത്തുന്നത്. 

കഴിഞ്ഞ മാസം പുറത്ത് വന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രേംവര്‍ക്കില്‍ 10ാം സ്ഥാനവും ജാമിയ മിലിയ നേടിയിരുന്നു. രാജ്യത്തെ ഐഐടി, ഐഐഎം ഐഐഎസ്സി എന്നിവ ഉള്‍പ്പെടുത്തിയുള്ള റാങ്കിംഗില്‍ 16ാം സ്ഥാനവും സര്‍വ്വകലാശാല നേടിയിരുന്നു. പൌരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ സര്‍വ്വകലാശാല അക്രമങ്ങള്‍ക്ക് വേദിയായിരുന്നു. ഡിസംബര്‍ 15ന് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചത് രാജ്യ വ്യാപകമായി ചര്‍ച്ചയായിരുന്നു. 

click me!