
തിരുവനന്തപുരം: 2026 കലണ്ടർ വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ നിർദേശം. എല്ലാ വകുപ്പ് തലവൻമാരും / നിയമനാധികാരികളും 2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഓരോ തസ്തികകളിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26 നകം പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണം. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ലെങ്കിൽ ഒഴിവുകൾ ഇല്ല എന്ന് അറിയിക്കണം. 2026 വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ഡിസംബർ 30 നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണ വകുപ്പിനും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (അഡിമിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ) വകുപ്പിനും റിപ്പോർട്ട് ചെയ്യണമെന്നും സർക്കുലറിൽ അറിയിച്ചു.
2025 നവംബർ 23 ന് നടത്തിയ 2025 - 26 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചിക സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ കാൻഡിഡേറ്റ് പോർട്ടൽ വഴി നവംബർ 26 രാവിലെ 11ന് മുൻപ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120, 0471-2338487, 0471-2525300.
കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും 2025-26 ലെ എൽ.എൽ.എം കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം നവംബർ 25 മുതൽ ഡിസംബർ 6 വൈകിട്ട് 3 വരെ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം.