'ഇതാണ് നാലു ബെഞ്ച് നിയമം'; കൗതുകം നിറച്ച് ഒരു ഫേസ്ബുക്ക് കുറിപ്പ്

By Web TeamFirst Published Jun 22, 2020, 4:29 PM IST
Highlights

അങ്ങനെ ഒടുക്കാം ബെഞ്ചിലെ ഒടുക്കാമത്തെ 'കള' ഒടുവിൽ പ്രധാനമന്ത്രിവരെ ആയെന്നിരിക്കും! ഇതാണു് നാലുബെഞ്ചു നിയമം. 

തിരുവനന്തപുരം: ക്ലാസ് മുറികളെയും സ്കൂളിനെയും ഓർമ്മിപ്പിക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണിത്. ക്ലാസിൽ നന്നായി പഠിക്കുന്നവർ എപ്പോഴും ഒന്നാമത്തെ ബെഞ്ചിലായിരിക്കും ഇരിപ്പ്. പഠനത്തിൽ അത്രയൊന്നും മികവ് പുലർത്താത്തവരായിരിക്കും പൊതുവെ പിൻബെഞ്ചുകാർ. ക്ലാസ്സിലെ ഉഴപ്പൻമാരും ഉഴപ്പത്തികളുമായിരിക്കും ഇവർ. പൊതുവെ കണ്ടുവരുന്ന രീതിയതാണ്. ക്ലാസ്മുറികളിലെ നാല് ബെഞ്ചുകളെക്കുറിച്ചും അവിടെയിരിക്കുന്നവരുടെ പിന്നീടുള്ള ജീവിതത്തെക്കുറിച്ചും ഫേസ്ബുക്കിൽ വളരെ രസകരമായി കുറിപ്പിട്ടിരിക്കുകയാണ് വിശ്വപ്രഭ എന്ന വ്യക്തി.

പത്തിരുപത് വർഷം കഴിയുമ്പോൾ ഒന്നാം ബെഞ്ചുകാർ ഡോക്ടറോ എഞ്ചിനീയറോ ആകുമെന്നും രണ്ടാം ബെഞ്ചുകാർ ഐഎഎസ് എഴുതി കളക്ടറോ ജോയിന്റ് സെക്രട്ടറിയോ ആകുമെന്നും കുറിപ്പിൽ പറയുന്നു. മൂന്നാം ബെഞ്ചുകാർ രാഷ്ട്രീയത്തിലായിരിക്കും. ഇനി നാലാം ബെ‍ഞ്ചുകാരായിരുന്നവർ കച്ചവടത്തിൽ തുടങ്ങി അത് വികസിപ്പിച്ച് റിയൽ എസ്റ്റേറ്റ്, പാറമട, ജ്വല്ലറി, ഗവണ്മെന്റ് കരാർ, അബ്കാരി തുടങ്ങിയ പരിപാടികളിലേക്കു മാറും. 

''എന്നിട്ട് നാലാം ബെഞ്ചിൽ പഠിച്ചിരുന്ന മുതലാളിമാർ മൂന്നാംബെഞ്ചിലെ രാഷ്ട്രീയക്കാരെ വരുതിയിൽ നിർത്തും. മൂന്നാംബെഞ്ചിലെ രാഷ്ട്രീയക്കാർ രണ്ടാംബെഞ്ചുകാരായിരുന്ന സെക്രട്ടറിമാരോടും കളക്ടർമാരോടും കൽപ്പിക്കും. രണ്ടാം ബെഞ്ചിലെ മേലുദ്യോഗസ്ഥന്മാർ ഒന്നാം ബെഞ്ചിലെ ഡോക്ടർമാരെയും എഞ്ചിനീയർമാരെയും നിയന്ത്രിക്കും. അങ്ങനെ ഒടുക്കാം ബെഞ്ചിലെ ഒടുക്കാമത്തെ 'കള' ഒടുവിൽ പ്രധാനമന്ത്രിവരെ ആയെന്നിരിക്കും! ഇതാണു് നാലുബെഞ്ചു നിയമം.'' കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്. വളരെ രസകരമായിട്ടാണ് ഈ കുറിപ്പ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:

ഒന്നാം ബെഞ്ചിലിരിക്കുന്നവർ അസാദ്ധ്യ 'പഠിപ്പിസ്റ്റു'കളാണു്. ക്ലാസ്സിലെടുക്കുന്ന എല്ലാ പാഠവും അതും കൂടാതെ ടീച്ചറുടെ വായിൽ നിന്നു വീഴുന്ന ഓരോ മൊഴിമുത്തും അവർ ഒപ്പിയെടുത്ത് ഓർമ്മയിൽ സൂക്ഷിക്കും. ഗൃഹപാഠം മുഴുവൻ ചെയ്യും. ഒന്നാം ബെഞ്ചിലിരിക്കുന്നവൻ എങ്ങാനും ഒരു ദിവസം ക്ലാസ്സിൽ വന്നില്ലെങ്കിൽ അതു് സ്കൂൾ മുഴുവൻ പരക്കുന്ന സ്കൂപ്പ് വാർത്തയായിരിക്കും.

രണ്ടാം ബെഞ്ചിലിരിക്കുന്നവർ അത്രയ്ക്കും പുസ്തകപ്പുഴുക്കളല്ല. ഇടയ്ക്കു കളിക്കാൻ വിട്ടാൽ അത്യാവശ്യം പുറത്തിറങ്ങാനും ഓടിപ്രാന്തി കളിക്കാനും അവർക്കു വിരോധമില്ല. ക്വിസ്സിലും യുറീക്കടെ പരീക്ഷയിലും കലാപരിപാടികളിലും പങ്കെടുക്കാനും ചെറിയ മനസ്സുണ്ടു്. അത്ര്യങ്ക്ട് ഏ-പ്ലസ്സല്ലെങ്കിലും അത്യാവശ്യം ഏ-യൊക്കെകിട്ടും. സന്തോഷ് പണ്ഡിറ്റ് പറഞ്ഞതുപോലെ, “നീ വലിയവനായിരിക്കാം. പക്ഷേ അതുകൊണ്ട് ഞാന്‍ ചെറിയവനാണെന്ന് കരുതരുത്”എന്നതാണവരുടെ മനോഭാവം.

മൂന്നാംബെഞ്ചുകാർക്കു് ക്ലാസ്സിലുള്ളത്ര തന്നെ ശ്രദ്ധ പുറത്തെ കാര്യങ്ങളിലുമുണ്ടാവും. ഉപ്പുമാവു് / ഉച്ചക്കഞ്ഞി വിളമ്പുന്നതുമുതൽ സ്കൂളിലെ സോഷ്യൽ സർവ്വീസ് പ്രസ്ഥാനം മുഴുവൻ അവരുടെ കയ്യിലായിരിക്കും. "പഠിപ്പിത്തിരികുറവാണെങ്കിലും പരോപകാരിയാണു്" എന്നു മാഷമ്മാരെക്കൊണ്ടു് പറയിപ്പിക്കാനും അവർക്കാവും. പരീക്ഷയ്ക്കു പാസ്സാവാൻ ഇത്തിരി കോപ്പിയടിയൊക്കെ ആയാലും കുഴപ്പമില്ല എന്നും അവർക്കുണ്ടു്.

നാലാംബെഞ്ചിലെ 'കളകൾ'ക്കു് സ്കൂൾ സിസ്റ്റം തന്നെ ഒരു ബോറു പരിപാടിയാണു്. ദ്വിമാനചരങ്ങളുടെ കണ്ണുകടിയും ഉത്തര അത്‌ലാന്റിൿ മന്ദോഷ്ണപ്രവാഹത്തിന്റെ നീരുവീഴ്ച്ചയും മുഹമ്മദ് ഘസ്നിയുടെ പല്ലുവേദനയുമൊക്കെ ഒരാവശ്യവുമില്ലാതെ എന്തിനുപഠിക്കണം എന്നതാണവരുടെ ചോദ്യം. "ഒന്നുകിൽ ആശാന്റെ നെഞ്ചത്തു്, അല്ലെങ്കിൽ കളരിക്കു പുറത്തു്". എന്തുവന്നാലും ആ ചന്തുമാരെ തോൽപ്പിക്കാൻ ആർക്കുമാവില്ല, മക്കളേ.

നന്നായി പഠിച്ചുപാസ്സായി ഒന്നാംബെഞ്ചുകാർ ഡോക്ടറോ എഞ്ചിനീയറോ ആവും. ആവശ്യത്തിനു മാർക്കില്ലാതെ പോയതിനാൽ രണ്ടാം ബെഞ്ചുകാർ വല്ല എക്ക്ണോ-മിക്സോ ഫിലോസഫിയോ ഒക്കെ പഠിച്ച് വല്ല സാദാ ബിരുദവും വാങ്ങും. മൂന്നാം ബെഞ്ചുകാർ സ്കൂൾ ലീഡർ, കോളേജ് യൂണിയൻ, പഞ്ചായത്തുകമ്മിറ്റി, ജില്ലാതല സമിതി വഴി രാഷ്ട്രീയത്തിൽ കടക്കും. നാലാം ബെഞ്ചിലെ 'കള'കൾ സ്കൂൾ പഠിപ്പു തന്നെ മുഴുവനാക്കുക കഷ്ടിയായിരിക്കും. അവർ പഠിപ്പു പരിപാടിയൊക്കെ ഉപേക്ഷിച്ച് ഒന്നുകിൽ അരിക്കച്ചവടം തുടങ്ങും, അല്ലെങ്കിൽ ഒരു മൊബൈൽഷോപ്പിന്റെ കടയിടും. 

പത്തിരുപതു വർഷം കഴിയുമ്പോൾ, ഒന്നാംബെഞ്ചുകാർ സ്ഥലം ഡിസ്പൻസറിയിലെ ഡോക്ടർ അല്ലെങ്കിൽ വൈദ്യുതിബോർഡിലെ സെൿഷൻ എഞ്ചിനീയർ, രണ്ടാം ബെഞ്ചുകാർ IAS എഴുതിയെടുത്തു് കളക്ടർ, ജോയിന്റ് സെക്രട്ടറി ഇങ്ങനെ വല്ലതുമായി മാറും. മൂന്നാം ബെഞ്ചുകാർ സ്ഥലം എം.എൽ.ഏ, അല്ലെങ്കിൽ എം.പി., തുടർന്നു് മന്ത്രി...നാലാം ബെഞ്ചുകാർ കച്ചവടം വികസിപ്പിച്ച് റിയൽ എസ്റ്റേറ്റ്, പാറമട, ജ്വല്ലറി, ഗവണ്മെന്റ് കരാർ, അബ്കാരി തുടങ്ങിയ പരിപാടികളിലേക്കു മാറും.

എന്നിട്ട് നാലാം ബെഞ്ചിൽ പഠിച്ചിരുന്ന മുതലാളിമാർ മൂന്നാംബെഞ്ചിലെ രാഷ്ട്രീയക്കാരെ വരുതിയിൽ നിർത്തും. മൂന്നാം ബെഞ്ചിലെ രാഷ്ട്രീയക്കാർ രണ്ടാംബെഞ്ചുകാരായിരുന്ന സെക്രട്ടറിമാരോടും കളക്ടർമാരോടും കൽപ്പിക്കും. രണ്ടാം ബെഞ്ചിലെ മേലുദ്യോഗസ്ഥന്മാർ ഒന്നാം ബെഞ്ചിലെ ഡോക്ടർമാരെയും എഞ്ചിനീയർമാരെയും നിയന്ത്രിക്കും. അങ്ങനെ ഒടുക്കാം ബെഞ്ചിലെ ഒടുക്കാമത്തെ 'കള' ഒടുവിൽ പ്രധാനമന്ത്രിവരെ ആയെന്നിരിക്കും!

ഇതാണു് നാലുബെഞ്ചു നിയമം.

 


 

click me!