ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ലാപ്‌ടോപ്പുമായി മലകയറുന്ന അധ്യാപകര്‍

By Web TeamFirst Published Jun 22, 2020, 11:34 AM IST
Highlights

വാലികുന്ന് കോളനിയിലെ വിദ്യാർത്ഥികൾ പഠിക്കുന്ന തേമ്പാമൂട് ജനത ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകരാണിവർ. ലാപ്ടോപ്പും മൊബൈലും മറ്റ് പഠനോപകരണങ്ങളുമായിട്ടാണ് ഇവർ കുന്നിൻമകളിലെത്തുന്നത്. 

തിരുവനന്തപുരം:  തിരുവനന്തപുരത്തെ വെ‍ഞ്ഞാറമൂട് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് താങ്ങായി അധ്യാപകർ. തലസ്ഥാന ന​ഗരിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് പുല്ലൂംപാറ എന്ന ​ഗ്രാമം. ഇവിടെത്തെ മലമുകളിൽ ഒരു കൂട്ടം വിദ്യാർത്ഥികളുണ്ട്. ഓൺ‌ലൈൻ ക്ലാസ്സുകൾ മൂന്നാം ഘട്ടത്തിലെത്തിയെങ്കിലും ഇതുവരെ ഇവിടെ സൗകര്യങ്ങൾ ഒന്നും തന്നെ എത്തിയിട്ടില്ല. വാലിക്കുന്ന് എന്ന് സ്ഥലത്താണ് സ്കൂളിൽ പോകാൻ കഴിയാതെ, അതേസമയം ഓൺലൈൻ പഠന സൗകര്യങ്ങൾ ഒന്നും തന്നെ ലഭിക്കാത്ത 40ലധികം കുട്ടികളുള്ളത്. 

അവർക്കായി എല്ലാ ​ദിവസവും പഠനോപകരണങ്ങളുമായി മല കയറി എത്തുകയാണ് ഒരു കൂട്ടം അധ്യാപകർ. വാലികുന്ന് കോളനിയിലെ വിദ്യാർത്ഥികൾ പഠിക്കുന്ന തേമ്പാമൂട് ജനത ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകരാണിവർ. ലാപ്ടോപ്പും മൊബൈലും മറ്റ് പഠനോപകരണങ്ങളുമായിട്ടാണ് ഇവർ കുന്നിൻമകളിലെത്തുന്നത്. വീടിന്റെ മുറ്റവും താത്ക്കാലിക ഷെഡ്ഡുമാണ് ക്ലാസ്മുറികളാക്കിയിരിക്കുന്നത്. മുതിർന്ന കുട്ടികളും അധ്യാപകർക്കൊപ്പം കൂടും.

'വീട്ടിൽ പറഞ്ഞുകൊടുക്കാൻ ആരുമില്ല. ഇം​ഗ്ലീഷും ഹിന്ദിയും മാത്സും കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളാണ്. ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് നമ്മുടെ പിള്ളേർക്ക് മനസ്സിലാകുന്നേയില്ല. അതുകൊണ്ടാണ് അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ നേരം നമുക്കറിയാവുന്ന കാര്യങ്ങൾ അവർക്ക് പറഞ്ഞുകൊടുക്കാമെന്ന് ഞങ്ങളെല്ലാവരും കൂടി തീരുമാനിച്ചത്'. പത്താം ക്ലാസ് പൂർത്തിയാക്കിയ വൈഷ്ണവ് പറയുന്നു.

പരിമിതമായ സൗകര്യങ്ങളിലാണ് ഈ കുട്ടികൾ പഠിക്കുന്നത്. കോളനിയിലെ വീട്ടുകളിൽ കക്കൂസില്ല. അടച്ചുറപ്പുള്ള മുറികളില്ല. ഓൺലൈൻ പഠനം ഒന്നും മനസ്സിലാകുന്നില്ല എന്നാണ് വിദ്യാർത്ഥികളുടെ പ്രതികരണം. അധ്യാപകർ ഇവിടെ വന്ന് പഠിപ്പിക്കുന്നത് കൊണ്ടാണ് പഠിക്കാൻ സാധിക്കുന്നത്. അതുപോലെ തന്നെ പഠിക്കാനുള്ള സാഹചര്യം വീടികളിലില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. കുട്ടികൾക്ക് പഠിക്കാനുള്ള എന്തെങ്കിലും സഹായം അധികാരപ്പെട്ടവർ നൽകണമെന്നാണ് ഇവരുടെ ആവശ്യം. 

എങ്കിലും കുട്ടികളെ പഠിപ്പിക്കണമെന്ന രക്ഷിതാക്കളുടെ താല്പര്യമാണ് അധ്യാപകർക്ക് പ്രചോദനം. 'പഠിക്കാനുള്ള സാഹചര്യം ഇല്ല എന്നുള്ളതാണ് അവരുടെ പഠനത്തെ ബാധിക്കുന്ന ഏറ്റവും വലിയ കാര്യം. അതിനുള്ള പരിഹാരമെന്ന നിലയിലാണ് സ്കൂളിലെ അധ്യാപകർ ദിവസേന ഈ കുന്നു കയറി ഇവിടെയെത്തി കുട്ടികളെ ഈ ചെറിയ സാഹചര്യത്തിൽ പഠിപ്പിക്കുന്നത്.' അധ്യാപകരിലൊരാൾ പറയുന്നു.

click me!