
ആലുവ: പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കുള്ള സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിച്ചു വരുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ മറ്റ് പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ പരിശീലന ക്ലാസുകൾക്കായാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അടിസ്ഥാന യോഗ്യത - എസ്.എസ്.എൽ.സി, പ്ലസ് ടു.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപന്റ് ലഭിക്കുന്നതാണ്. അപേക്ഷകൾ ഫോട്ടോ, ജാതി, വരുമാനം, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 1ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 0484 2623304, 6282858374.
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ലൈബ്രേറിയൻ ഗ്രേഡ്-4, ലൈബ്രറി അറ്റൻഡർ- താൽക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ്/ ലൈബ്രറി സയൻസിൽ ബിരുദവുമാണ് ലൈബ്രേറിയൻ യോഗ്യത. പ്ലസ് ടുവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് ലൈബ്രറി അറ്റൻഡർ യോഗ്യത. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 29 തിങ്കളാഴ്ച രാവിലെ 10ന് മുമ്പായി ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട വിഭാഗത്തിൽ സമർപ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in ൽ ലഭിക്കും.
എറണാകുളം ജനറൽ KSACS-SSK യിലേക്ക് സെന്റർ മാനേജർ, ഔട്ട റീച്ച് വർക്കർ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ഡിസംബർ 29ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും. സൈക്കോളജി/ സോഷ്യൽ വർക്ക് തുടങ്ങിയ വിഷയങ്ങളിലെ ബിരുദമാണ് സെന്റർ മാനേജറുടെ യോഗ്യത. പ്ലസ് ടു വും പ്രവൃത്തി പരിചയവുമാണ് ഔട്ട് റിച്ച് വർക്കറുടെ യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0481 2386000.