കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോം പരിശീലനം തുടങ്ങി

By Web TeamFirst Published Nov 3, 2021, 9:18 AM IST
Highlights

സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവൻ അധ്യാപകർക്കും ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനായി ജിസ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള പരിശീലനം കൈറ്റ് ആരംഭിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവൻ അധ്യാപകർക്കും (Visually challenged Teachers) ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനായി ജിസ്യൂട്ട് പ്ലാറ്റ്ഫോം (G suit Platform) ഉപയോഗിക്കാനുള്ള പരിശീലനം കൈറ്റ് ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലുള്ള 456 അധ്യാപകർക്കാണ് (Teachers) പരിശീലനം ആരംഭിച്ചത്. ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനും കാഴ്ചപരിമിതി തടസമല്ലാത്ത വിധം 'ഓർക' സ്വതന്ത്ര സോഫ്‍റ്റ്‍വെയർ സ്‌ക്രീൻ റീഡിംഗ് പോലുള്ളവ നേരത്തെ തന്നെ കൈറ്റ് സ്‌കൂളുകളിലെ ലാപ്ടോപ്പുകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‍വെയറിലുള്ള പ്രത്യേക ഐസിടി പരിശീലനം കാഴ്ചപരിമിതിയുള്ള മുഴുവൻ അധ്യാപകർക്കും നൽകിവരുന്നുണ്ട്.

അധ്യാപകരും കുട്ടികളും നേരിട്ട് വിനിമയം സാധ്യമാക്കുന്ന ഓൺലൈൻ ക്ലാസുകൾക്കുള്ള ജിസ്യൂട്ട് പ്ലാറ്റ്ഫോം പൊതുവിദ്യാലയങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈസ്‌കൂൾ വിഭാഗത്തിൽ പത്തുലക്ഷത്തിലധികം കുട്ടികൾക്കും അധ്യാപകർക്കും ലോഗിൻ ഐഡി നൽകുകയും എട്ട് മുതൽ പത്ത് വരെ ക്ലാസുകളിൽ ഓൺലൈൻ പഠനം ആരംഭിക്കുകയും ചെയ്തു. പ്ലസ് ടു വിഭാഗത്തിലെ അധ്യാപക പരിശീലനവും ഈ ആഴ്ച ആരംഭിച്ച് അടുത്ത ആഴ്ചയോടെ പൂർണമാകും.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവൻ അധ്യാപകർക്കും ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ പരിശീലനം നൽകാൻ കൈറ്റ് പ്രത്യേക മൊഡ്യൂൾ സജ്ജമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് കാഴ്ചപരിമിതരായ അധ്യാപകരെക്കൂടി പരിശീലകരാക്കിയാണ് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുമുള്ള അധ്യാപകർക്ക് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ പരിശീലന പുരോഗതി തിരുവനന്തപുരം വഴുതക്കാടുള്ള കാഴ്ച പരിമിതർക്കായുള്ള ഗവൺമെന്റ് സ്‌കൂളിലെത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിലയിരുത്തി. പഠിതാക്കളുമായി ആശയവിനിമയം നടത്തിയശേഷം പരിശീലനത്തിന് കൂടുതൽ സമയം നൽകണമെന്ന അവരുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

click me!