
തിരുവനന്തപുരം: ബിരുദതല പരീക്ഷകൾക്കുള്ള ചോദ്യങ്ങൾ കൂടി മലയാളത്തിലാക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. തമിഴ്, കന്നഡ ഭാഷകളിലും ചോദ്യങ്ങൾ ലഭ്യമാക്കും. മലയാളത്തിനു പുറമെ തമിഴ്/ കന്നഡ മാധ്യമങ്ങളിലും ചോദ്യങ്ങള്‍ ലഭ്യമാകുമെന്ന് പി.എസ്.സി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജു വഴി അറിയിച്ചു. എന്നാല്‍ ഉദ്യോഗാര്ഥികളില്നിന്നും സമ്മിശ്ര പ്രതികരണമാണ് വരുന്നത്. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര് രംഗത്തു വന്നിട്ടുണ്ട്.
പി.എസ്.സി നിലവില്‍ വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകള്‍ക്ക് തീരുമാനം ബാധകമാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബാധകമാണെങ്കില്‍ എസ്.ഐ ഉള്‍പ്പെടെയുള്ള യൂണിഫോം സര്‍വീസ് പരീക്ഷകള്‍ക്കും ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭിക്കും. നിലവിൽ ഹയർ സെക്കൻഡറി വരെ യോഗ്യതയുള്ള പരീക്ഷകൾക്കാണ് മലയാളത്തിൽ ചോദ്യങ്ങൾ നൽകുന്നത്.
ഇതിനു പുറമെ ഒരേ യോഗ്യതയുള്ള തസ്തികകൾക്ക് പ്രാഥമിക പരീക്ഷ ഒരുമിച്ച് നടത്താനും രണ്ടാം ഘട്ടത്തിൽ തസ്തികക്ക് അനുസൃതമായി പരീക്ഷ നടത്താനും തീരുമാനമായി. ഇതുവഴി പരീക്ഷകളുടെ ചെലവ് കുറക്കാമെന്നും ഓരോ തസ്തികക്കും അനുയോജ്യരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി റാങ്ക് പട്ടിക തയാറാക്കാൻ കഴിയുമെന്നും പി.എസ്.സി വിലയിരുത്തി.