കൊല്ലം കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

കൊല്ലം: നാല് കിലോ കഞ്ചാവുമായി പഞ്ചിമ ബംഗാൾ സ്വദേശികളായ യുവാക്കൾ കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പൊലീസിന്‍റെ പിടിയിലായി. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സിൻറ്റു മണ്ടൽ(19),രാഹുൽ മണ്ടൽ(19) എന്നിവരാണ് പിടിയിലായത്. കൊല്ലം റൂറൽ ഡാൻസഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല ഭാഗത്ത് നിന്ന് കെഎസ്ആർടിസി ബസിൽ കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു ഇരുവരും.

കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. ദ്വിഭാഷിയുടെ സഹായത്തോടെ പ്രതികളെ ചോദ്യം ചെയ്തു. കൊൽക്കത്തയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നും ട്രെയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തിച്ച ശേഷംഅവിടെ നിന്നും ബസിൽ കൊട്ടാരക്കരയിൽ എത്തുകയായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽപേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം സംഭവവുമായി ബന്ധപെട്ടു വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു. ഡാൻസാഫ് എസ് ഐ ജ്യോതിഷ് ചിറവൂർ, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ് ഐ രഘുനാഥൻ, ആതിര, ഡാൻസാഫ് ടീം അംഗമായ സി പി ഒ അഭിലാഷ്, കൊട്ടാരക്കര പി എസ് എസ്.സി.പി.ഒ ദീപക്, സി.പി.ഒ അസർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.