Covid Protocol : സ്കൂളുകൾ തുറന്നു; പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എന്തൊക്കെ?

Web Desk   | Asianet News
Published : Feb 15, 2022, 02:45 PM IST
Covid Protocol :  സ്കൂളുകൾ തുറന്നു; പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എന്തൊക്കെ?

Synopsis

എല്ലാ വിദ്യാര്‍ത്ഥികളും മാസ്‌ക് ധരിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കൃത്യമായി പാലിക്കണം. 

തിരുവനന്തപുരം: വിദ്യാലയങ്ങളും കലാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ (Covid Protocol) കൃത്യമായി പാലിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് (students) കോവിഡ് സുരക്ഷാമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ അടുത്ത് ഇടപഴകുന്നത് കാരണം  കോവിഡ് രോഗം വരാന്‍ സാധ്യതയുണ്ട്.

കുട്ടികള്‍ക്ക് കോവിഡ് രോഗം വന്നാല്‍ ക്ലാസിലെ മറ്റു കുട്ടികള്‍ക്കും കോവിഡ് രോഗം പകരാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍  താത്കാലികമായിട്ടെങ്കിലും ക്ലാസ്സുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരും. ഈ അവസ്ഥ വരാതിരിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും മാസ്‌ക് ധരിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കൃത്യമായി പാലിക്കണം. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സഹായിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യണം.

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗസാധ്യത നിലനില്‍ക്കുന്നതിനാല്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ പാലിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുക, മൂക്കും, വായും മൂടുന്ന വിധം മാസ്‌ക് ശരിയായി കുട്ടികളെ ധരിപ്പിക്കുക, മാറി ധരിക്കേണ്ടി വന്നാല്‍ ഉപയോഗിക്കാനുള്ള മാസ്‌കും പഴയ മാസ്‌ക് തിരികെ കൊണ്ടുവരാനുള്ള കവറും നല്‍കണം, സാനിറ്റൈസര്‍ കൊടുത്തുവിടണം,  ഭക്ഷ്യവസ്തുക്കളും വെള്ളവും പഠന സാമഗ്രികളും കൈമാറരുതെന്ന് നിര്‍ദ്ദേശിക്കുക, തിരക്കു കുറഞ്ഞ വാഹനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്യുക, വീട്ടില്‍ മടങ്ങിയെത്തിയാലുടന്‍ കുളിക്കാന്‍ നിര്‍ദ്ദേശിക്കുക, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കഴുകാതെ വീണ്ടും ധരിക്കാന്‍ നല്‍കരുത്, പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ സ്‌കൂളില്‍ വിടരുത്, പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.

പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, സ്‌കൂളുകളും, കോളേജുകളും, ട്യൂഷന്‍ സെന്ററുകളും, മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അര്‍ഹരായ എല്ലാവരും എത്രയും പെട്ടെന്ന് തന്നെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കുക,  മാസ്‌ക്കില്‍ ഇടക്കിടെ സ്പര്‍ശിക്കരുത്, സംസാരിക്കുമ്പോഴും, ചുമക്കുമ്പോഴും, തുമ്മുമ്പോഴും മാസ്‌ക് താഴ്ത്തരുത്, കൈകള്‍ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ, സാനിറ്റൈസര്‍ പുരട്ടുകയോ ചെയ്യുക, സ്‌കൂളിലും പരിസരങ്ങളിലും കൂട്ടം കൂടി നില്ക്കരുത്, പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കോ വീട്ടിലെ അംഗങ്ങള്‍ക്കോ ഉണ്ടെങ്കില്‍ സ്‌കൂളില്‍ വരരുത്. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അധ്യാപകരോട്/രക്ഷകര്‍ത്താക്കളോട് പറയുക, സ്‌കൂളില്‍ ആര്‍ക്കെങ്കിലും കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ലഘുവായ ലക്ഷണങ്ങള്‍ ആണെങ്കിലും പരിശോധന നടത്തണം.

പോസിറ്റീവായാല്‍ ക്വാറന്റൈനില്‍ പോകണം,ആഹാരം, കുടിവെള്ളം, പഠന സാമഗ്രികള്‍ എന്നിവ കൈമാറരുത്, ചുമരുകള്‍, കൈവരികള്‍ തുടങ്ങിയ ഇടങ്ങളില്‍ ആവശ്യമില്ലാതെ സ്പര്‍ശിക്കരുത്, ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ്  ഉപയോഗിച്ച് കഴുകണം. സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങണം, വീട്ടില്‍ എത്തിയാല്‍ ഉടന്‍ ധരിച്ച വസ്ത്രങ്ങള്‍ സോപ്പ് വെള്ളത്തില്‍ മുക്കിവെച്ചതിന് ശേഷം കുളിക്കുക, അധ്യാപകരുടെയും മാതാപിതാക്കളുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം