ഓൺലൈൻ ക്ലാസ്സുകൾ എങ്ങനെ പ്രാവർത്തികമാക്കും? മാർ​ഗനിർ‌ദ്ദേശങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

By Web TeamFirst Published May 29, 2020, 10:41 AM IST
Highlights

സ്വന്തം വീട്ടിൽ നിന്ന് ഓൺലൈനായി പങ്കെടുക്കാനാകാത്ത കുട്ടികൾക്ക് തൊട്ടടുത്ത കോളജിനെയോ ലൈബ്രറിയെയോ ആശ്രയിക്കാം. 

തിരുവനന്തപുരം: കോളജുകളിലെ ഓൺലൈൻ ക്ലാസുകൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ തുടങ്ങും. അടുത്ത അധ്യയന വർഷം രാവിലെ 8.30 മുതൽ 1.30വരെയാകും കോളെജുകളുടെ പ്രവർത്തനസമയം. എന്നാൽ പുതിയ സമയ ക്രമത്തിനെതിരെ എസ്എഫ്ഐ രംഗത്തുവന്നിരിക്കുകയാണ്. തെറ്റായ നടപടി അംഗീകരിക്കില്ലെന്നും നിർദേശം തിരുത്തണമെന്നുമാണ് എസ്എഫ്ഐയുടെ ആവശ്യം.

കോളജുകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ വഴി പഠനം ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം പുറത്തിറക്കിയത്. ഒന്നാം തീയതി രാവിലെ 8.30ന് തന്നെ ഓൺലൈൻ ക്ലാസുകൾ തുടങ്ങണം. ഓൺലൈൻ ക്ലാസുകൾക്കായി ഏത് സോഫ്‍റ്റ്‍വെയർ ഉപയോഗിക്കണമെന്ന് സ്ഥാപന മേധാവികൾക്ക് തീരുമാനിക്കാം. ഇതിനായി അസാപിന്റെയും ഐസിടി അക്കാദമിയുടെയും ഒറൈസിന്റെയും സാങ്കേതിക സംവിധാനങ്ങൾ സൗജന്യമായി ഉപയോഗിക്കാം. അന്തർജില്ലാ യാത്രകൾ അനുവദനീയമാകും വരെ, ജില്ലകൾക്കുള്ള അധ്യാപകരോട് റോട്ടേഷൻ വ്യവസ്ഥയിൽ ഹാജരാകാൻ ആവശ്യപ്പെടാം. 

പുറത്തുള്ള അധ്യാപക‍ർ ഓൺലൈനിൽ ക്ലാസ് നടത്തണം. ക്ലാസ് റെക്കോർഡ് ചെയ്തും നൽകാം. വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കണം. സ്വന്തം വീട്ടിൽ നിന്ന് ഓൺലൈനായി പങ്കെടുക്കാനാകാത്ത കുട്ടികൾക്ക് തൊട്ടടുത്ത കോളജിനെയോ ലൈബ്രറിയെയോ ആശ്രയിക്കാം. ഉന്നതവിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ കോളജുകളുടെ പ്രവർ‍ത്തനസമയം മാറ്റുന്നതിനെ ഇടത് അധ്യാപകസംഘടനയും എസ്എഫ്ഐയും എതിർത്തിരുന്നു. ഈ എതിർപ്പ് അവഗണിച്ചാണ് കോളേജുകളുടെ സമയം പുനക്രമീകരിക്കാനുള്ള തീരുമാനം.
 

click me!