ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ നാളെ ആരംഭിക്കും

By Web TeamFirst Published Jul 25, 2021, 1:37 PM IST
Highlights

സെക്കൻഡറി ഒന്നാം വർഷത്തിൽ 12,423 പഠിതാക്കളും രണ്ടാം വർഷത്തിൽ 13,877പഠിതാക്കളും പരീക്ഷയെഴുതും .ഇതിൽ ട്രാൻസ്ജൻഡർ വിഭാഗത്തിലെ 43 പേരും 16,568സ്ത്രീകളും 9, 689പുരുഷൻമാരും ഉൾപ്പെടും. 

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന തുല്യതാ പദ്ധതികളുടെ ഭാഗമായുള്ള ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ നാളെ ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളാണ് തിങ്കളാഴ്ച ആരംഭിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സംസ്ഥാനത്താകെ 26,300 പേരാണ് പരീക്ഷയെഴുതുന്നത്. ഹയർ സെക്കൻഡറി ഒന്നാം വർഷത്തിൽ 12,423 പഠിതാക്കളും രണ്ടാം വർഷത്തിൽ 13,877പഠിതാക്കളും പരീക്ഷയെഴുതും .ഇതിൽ ട്രാൻസ്ജൻഡർ വിഭാഗത്തിലെ 43 പേരും 16,568സ്ത്രീകളും 9, 689പുരുഷൻമാരും ഉൾപ്പെടും. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി പരീക്ഷാ വിഭാഗത്തിനാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല.

പരീക്ഷ നടത്തിപ്പിനായി 164 സെൻററുകളാണ് ഹയർ സെക്കൻഡറി വകുപ്പ് സജ്ജമാക്കിയിട്ടുള്ളത്. കൊമേഴ്സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളിലാണ് തുല്യതാ പരീക്ഷ. ഈ മാഹാമാരിക്കാലത്തും പഠനപാതയിൽ ഉറച്ചുനിന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ പഠിതാക്കൾക്കും അഭിനന്ദനങ്ങളും ആശംസകളും നല്‍കുന്നുവെന്നും മികച്ച വിജയം കൈവരിക്കാൻ പരീക്ഷയിൽ പങ്കെടുക്കുന്ന ഏവർക്കുമാകട്ടെയെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!