കെമിസ്ട്രിക്ക് 24 ; 'പരീക്ഷയിലെ മാർക്കല്ല ഭാവി തീരുമാനിക്കുന്നതെ'ന്ന് ഐഎഎസ് ഉദ്യോ​ഗസ്ഥൻ; ട്വിറ്ററിൽ വൈറൽ

Web Desk   | Asianet News
Published : Jul 16, 2020, 12:45 PM ISTUpdated : Jul 16, 2020, 12:48 PM IST
കെമിസ്ട്രിക്ക് 24 ; 'പരീക്ഷയിലെ മാർക്കല്ല ഭാവി തീരുമാനിക്കുന്നതെ'ന്ന് ഐഎഎസ് ഉദ്യോ​ഗസ്ഥൻ; ട്വിറ്ററിൽ  വൈറൽ

Synopsis

കുട്ടികളിൽ മാർക്കിന്റെ ഭാരം അടിച്ചേൽപിക്കരുത്. പരീക്ഷാ ഫലങ്ങളേക്കാൾ വളരെ വലുതാണ് ജീവിതം.

ദില്ലി: ഏത് പരീക്ഷയാണെങ്കിലും റിസൽട്ടിനെ കാത്തിരിക്കുമ്പോൾ എല്ലാവർക്കും ആശങ്കയുണ്ടാകും. മിക്കവാറും എല്ലാ കുട്ടികളും പത്ത്, പ്ലസ്ടൂ പരീക്ഷകളുടെ മാർക്കിന് അനുസരിച്ചാണ് ഭാവിയിൽ എന്ത് പഠിക്കണം എന്ന് തീരുമാനിക്കുന്നത്. എന്നാൽ പരീക്ഷയുടെ റിസൽട്ട് അല്ല ജീവിതം തീരുമാനിക്കുന്നത് എന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഐ‌‌എഎസ് ഉദ്യോ​ഗസ്ഥനായ നിതിൻ സം​ഗ്‍വാൻ. അദ്ദേഹം പങ്കു വച്ച ട്വീറ്റിൽ തന്റെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ സ്കോർ കാർഡും ഉൾപ്പെടുത്തിയിട്ടുണ്ട്. കെമിസ്ട്രിക്ക് 24 മാർക്ക് എന്ന് ചുവന്ന വൃത്തത്തിൽ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

ട്വിറ്ററിൽ അദ്ദേഹം പങ്കുവച്ച ചിത്രവും കുറിപ്പും ആയിരക്കണക്കിന് ആളുകളാണ് പ്രതികരണമറിയിക്കുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്. 'പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ എനിക്ക് കെമിസ്ട്രിക്ക് 24 മാർക്കാണ് ലഭിച്ചത്. അതായത് ജയിക്കാൻ വേണ്ട മാർക്കിനേക്കാൾ ഒരു മാർക്ക് കൂടുതൽ. പക്ഷേ ഞാൻ ജീവിതത്തിൽ എന്തായി തീരണമെന്ന് തീരുമാനിച്ചത് ഈ മാർക്കിന്റെ അടിസ്ഥാനത്തിലല്ല. കുട്ടികളിൽ മാർക്കിന്റെ ഭാരം അടിച്ചേൽപിക്കരുത്. പരീക്ഷാ ഫലങ്ങളേക്കാൾ വളരെ വലുതാണ് ജീവിതം. ഫലങ്ങൾ ആത്മപരിശോധനയ്ക്കുള്ള അവസരങ്ങളാകണം. അല്ലാതെ വിമർശനത്തിനല്ല.' അദ്ദേഹം ട്വീറ്റിൽ കുറിച്ചു. 

2015 ൽ ഐഐടി മദ്രാസിലാണ് സം​ഗ്‍വാൻ തന്റെ ഐഎഎസ് പരീക്ഷ പൂർത്തീകരിച്ചത്. ഐആർഎസിലായിരുന്നു അദ്ദേഹം ആദ്യം സേവനമനുഷ്ഠിച്ചത്.  ഇപ്പോൾ അഹമ്മദാബാദ് സ്മാർട്ട് സിറ്റി ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ ആന്റ് സിഇഒ ആയി സേവനമനുഷ്ഠിക്കുകയാണ് ഇദ്ദേഹം. ദില്ലി ഉപമുഖ്യമന്ത്രി മനീഷ സിസോദിയ ഉൾപ്പെടെയുള്ളവരാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ് ഷെയർ ചെയ്തിട്ടുള്ളത്. 'കുടുംബങ്ങളെ സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തുകൊണ്ട് പരീക്ഷാ ഫലങ്ങൾ പുറത്തു വന്ന അവസരത്തിൽ വളരെ ശക്തവും മികച്ചതുമായ ഒരു സന്ദേശമാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ജീവിതം ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞതായിരിക്കണം. ഒരുവന് ലഭിക്കുന്ന മാർക്കല്ല ജീവിതത്തിന്റെ വിജയ പരാജയങ്ങൾ തീരുമാനിക്കുന്നത്.' സിസോദിയ  ട്വീറ്റിൽ കുറിച്ചു.

ഈ വർഷത്തെ സിബിഎസ് ഇ പരീക്ഷയിൽ 38000 വിദ്യാർത്ഥികളാണ് 95 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയത്. ഒന്നരലക്ഷത്തിലധികം കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 


 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു