ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള ക്ലാസുകളാണ് ആദ്യ ഘട്ടത്തിൽ സംപ്രേഷണം ചെയ്യുന്നത്.

പാഠ്യപദ്ധതി പരിഷ്ക്കരണത്തെത്തുടർന്നുള്ള പുതിയ പരീക്ഷാ രീതികളും മാതൃകാ ചോദ്യങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്ന 'മുന്നൊരുക്കം' പരീക്ഷാ സഹായി പ്രോഗ്രാം കൈറ്റ് വിക്ടേഴ്സില്‍ ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്നു. ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള ക്ലാസുകളാണ് ആദ്യ ഘട്ടത്തിൽ സംപ്രേഷണം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ വർഷം രാജ്യത്താദ്യമായി റോബോട്ടിക്സ് പ്രായോഗിക പരീക്ഷ വരെ ഉൾപ്പെടുത്തി നടത്തുന്ന പത്താം ക്ലാസിലെ ഐസിടി പരീക്ഷ ഫെബ്രുവരി 2 മുതൽ തുടങ്ങുന്ന പശ്ചാത്തലത്തിൽ ഫെബ്രുവരി 1 ലെ ആദ്യ ക്ലാസ് ഐസിടിയാണ്. തുടർന്ന് ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിന്ദി, ഇംഗ്ലീഷ്, സോഷ്യൽ സയന്‍സ്, മലയാളം, ഭാഷാവിഷയങ്ങള്‍ എന്നിങ്ങനെ ക്ലാസുകൾ യഥാക്രമം ഫെബ്രുവരി 2 മുതൽ 10 വരെ സംപ്രേഷണം ചെയ്യും.

ദിവസവും വൈകുന്നേരം 5.30 നാണ് സംപ്രേഷണം. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ എട്ടിനും ഉച്ചയ്ക്ക് 2 മണിക്കും. പത്താം ക്ലാസിലെ പ്രോഗ്രാമുകൾക്ക് ശേഷം, ഫെബ്രുവരി 11 മുതൽ മറ്റ് ക്ലാസുകളിലെ വാർഷിക പരീക്ഷകൾക്കുള്ള പുതിയ ചോദ്യ മാതൃകകൾ വിശകലനം ചെയ്യുന്ന സെഷനുകൾ ആരംഭിക്കുമെന്നും മോഡൽ പരീക്ഷകൾക്ക് ശേഷം അടുത്ത ഘട്ടം തുടങ്ങുമെന്നും കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

കൈറ്റ് വിക്ടേഴ്സിന്റെ വെബ് പോർട്ടലിലും (www.victers.kite.kerala.gov.in) മൊബൈല്‍ ആപ്പിലും (KITE VICTERS) മുന്നൊരുക്കം തത്സമയം കാണാം. ക്ലാസുകള്‍ പിന്നീട് youtube.com/itsvicters എന്ന യുട്യൂബ് ചാനലിലും ലഭ്യമാക്കും. പ്രസാർ ഭാരതി ശൃംഖലയുടെ ഭാഗമായ കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ/ഡി.ടി.എച്ച് ശൃംഖലകളില്‍ ലഭ്യമല്ലെങ്കില്‍ അതത് ഓപ്പറേറ്റര്‍മാരോട് ഉൾപ്പെടുത്താൻ ആവശ്യപ്പെടാവുന്നതാണ്.