വൻ തൊഴിലവസരങ്ങളുമായി ഐടി മേഖല; 60 ശതമാനം വർദ്ധനവ്, നടപ്പ് സാമ്പത്തികവർഷത്തിൽ ഒന്നരലക്ഷം നിയമനങ്ങൾ

By Web TeamFirst Published Oct 12, 2021, 10:00 AM IST
Highlights

ഐടി ഹബ്ബുകളായ ബംഗലൂരൂ, ഹൈദരാബാദ്, പൂണെ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഒഴിവുകള്‍. 60 ശതമാനമാണ് തൊഴില്‍ വർദ്ധനവ്. പരിചയ സമ്പന്നരായ ടെക്കികള്‍ക്ക് വൻ ഓഫറാണ്. 

തിരുവനന്തപുരം: കൊവി‍ഡ് മറ്റെല്ലാ മേഖലയിലും തൊഴില്‍ നഷ്ടപ്പെടുത്തിയപ്പോള്‍ ഐടി മേഖലയിലുണ്ടായത് (IT Sector) വൻ അവസരങ്ങള്‍ (Job Opportunities) നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ഐടി കമ്പനികളിലാകെ (IT Companies) ഒന്നരലക്ഷം പുതിയ നിയമനങ്ങള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡില്‍ ഓണ്‍ലൈൻ സേവനങ്ങൾ (Online Services) ഭീമമായി വര്‍ദ്ധിച്ചതും പുതിയ സോഫ്റ്റ് വെയറുകളുടെ ആവശ്യവുമാണ് ഐടിയില്‍ തൊഴിലവസരങ്ങള്‍ കൂടാൻ കാരണം

ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, അങ്ങനെ കൊവിഡ് കാലത്ത് ഒട്ടുമിക്ക മേഖലയും ഓണ്‍ലൈനായിരുന്നു. ഉദാഹരണത്തിന് ആശുപത്രികളില്‍ ടെലി മെഡിസിനും ഓണ്‍ലൈൻ പരിശോധനയുമായി. വിദ്യാഭ്യാസ മേഖലയിലും കോഴ്സുകളെല്ലാം ഓണ്‍ലൈനാക്കി. ഇതിനായി പല തരത്തിലുള്ള സോഫ്റ്റ് വെയറുകള്‍ ആവശ്യമായി വന്നു. വിദേശത്തും നമ്മുടെ നാട്ടിലും ഇതോടെ ഐടി മേഖലയില്‍ തൊഴില്‍ സാധ്യത കൂടി.

ഐടി ഹബ്ബുകളായ ബംഗലൂരൂ, ഹൈദരാബാദ്, പൂണെ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഒഴിവുകള്‍. 60 ശതമാനമാണ് തൊഴില്‍ വർദ്ധനവ്. പരിചയ സമ്പന്നരായ ടെക്കികള്‍ക്ക് വൻ ഓഫറാണ്. കേരളത്തില്‍ മികച്ച സോഫ്റ്റ് വെയര്‍ പ്രൊഫഷണലിന് 17 ലക്ഷം വരെ വാര്‍ഷിക ശമ്പളം കിട്ടിയിരുന്നെങ്കില്‍ ബംഗലൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അത് 30 ലക്ഷം വരെയാണ്. ശമ്പളക്കൂടുതലുള്ള ജോലി ലഭിച്ചാലും കേരളം വിടാൻ താല്‍പ്പര്യമില്ലാതിരുന്ന പലരും ഇന്ന് ജോലി വീട്ടിലിരുന്ന് ചെയ്താല്‍ മതി എന്ന ആനുകൂല്യം മുതലെടുത്ത് രാജ്യത്തെ പ്രധാന ഐടി ഹബ്ബുകളിലേക്ക് കൂട് മാറുന്നു. അതുകൊണ്ട് കേരളത്തിൽ പരിചയ സമ്പന്നരായ ഐടി പ്രൊഫഷണലുകളുടെ കുറവ് കഴിഞ്ഞ ഒരു വർഷത്തിനിടെ വൻ തോതിലുണ്ടായെന്ന് പഠനങ്ങൾ പറയുന്നു.

ലോകം ഒരു ഡിജിറ്റലൈസേഷൻ ട്രെൻ‍ഡിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പല കമ്പനികളിലേക്കും ആളുകളുടെ ലഭ്യത വളരെ കുറയുന്നു. അവർക്കാവശ്യമായ ആളുകളെ കിട്ടുന്നില്ല. അതേ സമയം പല ആളുകൾക്കും അവർക്കാവശ്യമായ തൊഴിൽ കിട്ടുന്നില്ല. രഞ്ജിത്ത് ജയരാമൻ പറയുന്നു. രാജ്യത്തെ മുൻ നിര ഐടി കമ്പനികളിലെ വരും മാസങ്ങളിലെ ഒഴിവുകള്‍ ഇങ്ങനെയാണ്. ടിസിഎസ് 40000, ഇൻഫോസിസ് 35000, എച്ച്സിഎല്‍ 22000, വിപ്രോ 30000. ബംഗലൂരൂ പോലുള്ള നഗരങ്ങളിലേക്ക് കൊവിഡിന് മുൻപ് കേരളത്തിൽ നിന്ന് 15 മുതൽ 20 ശതമാനം പേരാണ് കൂട് മാറിയിരുന്നതെങ്കിൽ ഇപ്പോൾ അത് 40 ശതമാനത്തിന് മുകളിലാണ്. ക്ലൗഡ് ഇൻഫ്രാസ്ട്രക്ച്ചര്‍, ടെക് ഡെവലപ്പര്‍, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍, ആൻ‍‍‍ഡ്രോയിംഗ് ഡെവലപ്പര്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ അവസരം.

click me!