
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് വൈറലായ ഒരു ചിത്രമാണിത്. ഒരു പെട്രോൾ പമ്പിന് മുന്നിൽ, യൂണിഫോമിൽ നിൽക്കുന്ന ഒരച്ഛന്റെയും മകളുടെയും ചിത്രം. പെട്രോൾ പമ്പ് ജീവനക്കാരായ രാജഗോപാലും മകൾ ആര്യ രാജഗോപാലുമാണിവർ. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി കാൺപൂരിൽ ഉന്നത പഠനത്തിലാണ് ആര്യ. മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനായതിന്റെ അഭിമാനമുണ്ട് ഈ അച്ഛന്റെ മുഖത്ത്. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ഉൾപ്പെടെയുള്ള പ്രശസ്തരായ വ്യക്തികൾ ഈ അച്ഛനും മകൾക്കും അഭിനന്ദനമർപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നുവെന്ന് ദ് ഇൻഡ്യൻ എക്സ്പ്രസ് വാർത്തയിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ ഇവരെക്കുറിച്ചുള്ള വാർത്തയും ചിത്രവും സമൂഹമാധ്യമത്തിൽ പങ്കുവെച്ചതൊടെയാണ് ഈ അഭിമാന നിമിഷത്തെക്കുറിച്ച് പൊതുസമൂഹം അറിയുന്നത്. 'തന്റെ കഠിനാധ്വാനവും നേട്ടവും കൊണ്ട് പെട്രോളിയം കമ്പനിക്കാകെ അഭിമാനമാണ് ആര്യ രാജഗോപാൽ' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദന വാചകങ്ങൾ. ആര്യക്ക് എല്ലാവിധ ആശംസകളും നേട്ടങ്ങളുമുണ്ടാകട്ടെ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
ആര്യയുടെ നേട്ടത്തെക്കുറിച്ചുളള വാർത്ത വൈറലായപ്പോൾ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയുടെ ശ്രദ്ധയില്‍പെട്ടു. ഈ അച്ഛനും മകളും ഇന്നത്തെ ഇന്ത്യക്ക് പ്രചോദനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 'ആര്യയെയും അച്ഛൻ രാജഗോപാലിനെയും കുറിച്ചോർത്ത് രാജ്യത്തിന്റെ ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട ഞങ്ങളെല്ലാവരും വളരെയധികം അഭിമാനിക്കുന്നു. ഈ അച്ഛനും മകളും പുതിയ ഇന്ത്യയുടെ പ്രചോദനവും മാതൃകയുമാണ്.' ഹർദീപ് സിംഗ് പുരി ട്വീറ്റിൽ കുറിച്ചു. പെട്രോളിയം ടെക്നോളജിയിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ് ആര്യ.
20 വർഷത്തിലേറെയായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ് രാജഗോപാൽ. ഐഒസി ഡീലേഴ്സിന്റെ സമൂഹമാധ്യമ ഗ്രൂപ്പുകളിലാണ് ഇവരുടെ ഈ ചിത്രം ആദ്യമായി എത്തുന്നത്. ഐഒസി ഔദ്യോഗിക പേജ് ഈ ചിത്രം പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ ഈ വാർത്ത വൈറലായി മാറി. കോഴിക്കോട് എൻഐടിയിൽ നിന്നുമാണ് ആര്യ ബിടെക് പൂർത്തിയാക്കിയത്.