കാൻസർ തോറ്റു, റീതു ജയിച്ചു; അതിജീവനത്തിന്റെ അഭിമാനത്തിളക്കം; എംഎഡ് ഒന്നാം റാങ്ക്!

By Sumam ThomasFirst Published Oct 19, 2021, 4:01 PM IST
Highlights

''ആദ്യത്തെ അഞ്ചുമിനിറ്റ്, എന്റെ രോ​ഗത്തെക്കുറിച്ചോർത്ത് ഞാൻ അത്രയും സമയമേ കരഞ്ഞിട്ടുള്ളൂ. ഞാനിത് നേരിട്ടേ പറ്റൂ എന്നെനിക്ക് ബോധ്യമുണ്ടായിരുന്നു. ചുറ്റും നിൽക്കുന്നവരെ എന്റെ സങ്കടം കാണിച്ച് കരയിക്കാനും തയ്യാറല്ലായിരുന്നു. അതുകൊണ്ട് ധൈര്യമായി തന്നെ നേരിട്ടു...'' 

''അതറിഞ്ഞ നിമിഷം ആദ്യത്തെ അഞ്ച്മിനിറ്റ് ഞാനെന്റെ മകനെ കെട്ടിപ്പിടിച്ച് നിർത്താതെ കരഞ്ഞു. അതിന് ശേഷം പിന്നീടിങ്ങോട്ട് ഞാൻ കരഞ്ഞിട്ടേയില്ല. കരയില്ലെന്നാണ് ഞാനെടുത്ത ആദ്യത്തെ തീരുമാനം.'' അടിമുടി ആത്മവിശ്വാസം നിറയുന്ന, ഊർജ്ജമുള്ള ഈ വാചകങ്ങൾ അർബുദത്തെ ചിരിച്ചു കൊണ്ട് നേരിട്ട ഒരു പോരാളിയുടേതാണ്. റീതു എന്ന ഇരുപത്തൊമ്പതുകാരിയുടെ.

ഇത്തരമൊരു വാർത്ത ഏതൊരു വ്യക്തിയെയും തകർത്തു കളയും. എന്നാൽ  ചെറുപ്പം മുതൽ അധ്യാപികയാകണമെന്ന് ആ​ഗ്രഹിച്ച, പഠനത്തിൽ മിടുക്കിയായ, എഴുതിയ പരീക്ഷകളൊക്കെ മികച്ച മാർക്കോടെ പാസ്സായ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അങ്ങനെയങ്ങു തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. ട്രീറ്റ്മെന്റ് തുടങ്ങി, കീമോയും റേഡിയേഷനും അവസാനിച്ചതിന്റെ പിറ്റേന്ന് എംഎഡ് ന് ചേർന്നു. റിസൽറ്റ് വന്നപ്പോൾ ഫസ്റ്റ് റാങ്ക്! കേരള സർവ്വകലാശാലയുടെ ഈ വർഷത്തെ എംഎഡ് പരീക്ഷയിൽ ഒന്നാം റാങ്കിന്റെ അഭിമാനത്തിളക്കത്തിൽ നിന്നാണ് റീതു ജീവിതം പറയുന്നത്.  

''കാൻസറിനെ ഓടിച്ചുവിട്ട ആളാണ് ഞാൻ.'' ഉറക്കെയുള്ള ചിരിയുടെ അകമ്പടിയോടെ റീതു പറഞ്ഞു തുടങ്ങി, ''ഒരുദിവസം മോന്റെ കൂടെ കളിക്കുന്ന സമയത്താണ് അവന്റെ കൈ നെഞ്ചിൽ കൊണ്ടതും അവിടെയൊരു ലംപ് ഉള്ളതായി ശ്രദ്ധിച്ചതും. 2018 ജൂണിൽ, ബി എഡ് രണ്ടാം സെമസ്റ്റർ പഠിക്കുന്ന സമയത്താണ് അസുഖമാണെന്ന് അറിയുന്നത്. നെഞ്ചിൽ വലതുഭാ​ഗത്തായിട്ടായിരുന്നു ലംപ്. ആ സമയത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആദ്യത്തെ അഞ്ചുമിനിറ്റ്, എന്റെ രോ​ഗത്തെക്കുറിച്ചോർത്ത് ഞാൻ അത്രയും സമയമേ കരഞ്ഞിട്ടുള്ളൂ. ഞാനിത് നേരിട്ടേ പറ്റൂ എന്നെനിക്ക് ബോധ്യമുണ്ടായിരുന്നു. ചുറ്റും നിൽക്കുന്നവരെ എന്റെ സങ്കടം കാണിച്ച് കരയിക്കാനും തയ്യാറല്ലായിരുന്നു. അതുകൊണ്ട് ധൈര്യമായി തന്നെ നേരിട്ടു. കീമോയുടെയും റേഡിയേഷന്റെയും സർജറിയുടെയും പത്ത് മാസക്കാലം.'' ചേർത്തുപിടിച്ച അധ്യാപകർ സുഹൃത്തുക്കൾ, കുടുംബം ഇവരെയൊക്കെയായിരുന്നു തന്റെ ബലമെന്ന് റീതു പറയുന്നു. 

''ഞാനൊരു ദൈവവിശ്വാസിയാണ്. ഈ പ്രതിസന്ധിയെ നേരിടാൻ എനിക്ക് സാധിച്ചത് എന്റെ ദൈവവിശ്വാസ ത്തിലൂടെയാണെന്ന് ഞാൻ ഉറപ്പായും വിശ്വസിക്കുന്നു. ബൈബിളാണ് എന്റെ ശക്തി.'' 82 ശതമാനം മാർക്ക് നേടിയാണ്  ബിഎഡ് പാസ്സായത്. പഠിപ്പിച്ച അധ്യാപകരോടുള്ള ഇഷ്ടം കൊണ്ട് മാത്രം അധ്യാപികയാകണമെന്ന് ആ​ഗ്രഹിച്ച ആളാണ് താനെന്നും റീതു പറയുന്നു. 8ാം ക്ലാസ് മുതൽ 10 വരെ കെമിസ്ട്രി പഠിപ്പിച്ച ശോഭനകുമാരി ടീച്ചർ, ഹയർസെക്കണ്ടറിയിൽ കെമിസ്ട്രി പഠിപ്പിച്ച രാജീവ് സർ ഇവരൊക്കെയാണ് കെമിസ്ട്രി പഠിക്കാനും അധ്യാപിക ആകാനുള്ള  തീരുമാനത്തിന്റെ പ്രചോദനം. ബിഎസ് സി കെമിസ്ട്രിയിൽ നിന്ന് ഇപ്പോൾ എംഎഡ് വരെ കെമിസ്ട്രിയാണ് ഇഷ്ടവിഷയം.

''അതുകൂടാതെ അമ്മ സ്കൂൾ ടീച്ചറായിരുന്നു. അമ്മക്ക് കിട്ടുന്ന ആദരവും സ്നേഹവുമൊക്കെ എന്നെയും സ്വാധീനിച്ചിരുന്നു. ബിഎഡിന് ശേഷം ചില ജോലികൾക്കായി ശ്രമിച്ചെങ്കിലും എന്തുകൊണ്ടോ അത് നടന്നില്ല. പിന്നീടാണ് എംഎഡ്ന്  ചേരുന്നത്. ഞാൻ വെറുമൊരു സാധാരണ വ്യക്തിയല്ല, ഒരു വലിയ പ്രതിസന്ധിയെ അതിജീവിച്ച പോരാളിയാണ്. അതുകൊണ്ട് തന്നെ എവിടെയെങ്കിലും ഒരു അച്ചീവ്മെന്റ്, അതെനിക്ക് വേണമായിരുന്നു. ഈ റാങ്കിലൂടെ ഞാൻ നേടിയെടുത്തത് അതാണ്. പത്രങ്ങളിലൊക്കെ ചെറിയ കോളത്തിൽ റാങ്കും ഡോക്ടറേറ്റും ഒക്കെ ലഭിച്ചവരുടെ ചെറിയ കോളം വാർത്ത കാണാറില്ലേ? ഞാനത് നോക്കിയിട്ട് ഓർക്കും ഇതുപോലെ എന്റെയും ഫോട്ടോ വരണമെന്ന്. അങ്ങനെയങ്ങനെ ഞാനൊരുപാട് വാശിയോടെ നേടിയെടുത്ത ഒരു നേട്ടമാണിത്.'' റീതുവിന്റെ വാക്കുകളിൽ അഭിമാനം നിറയുന്നു. തൈക്കാട് ​ഗവൺമെന്റ് കോളേജിലാണ് റീതു പഠിച്ചത്. 

''2012ലായിരുന്നു വിവാഹം. ഭർത്താവ് അലക്സ് ജെ ​ഗ്ലാഡ്സ്റ്റൻ. കിംസ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. മകൻ അബിരോൺ ഒന്നാം ക്ലാസിൽ പഠിക്കുന്നു. മകന് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു ബിഎഡ് ന് ചേർന്നത്. അവനുറങ്ങിക്കഴിഞ്ഞ് രാത്രിയിലിരുന്നായിരുന്നു പഠനം. പഠിക്കണമെന്ന് പറഞ്ഞപ്പോൾ വീട്ടുകാർ പൂർണ്ണപിന്തുണയുമായി കൂടെ നിന്നു. എല്ലാ വിജയത്തിന്റെയും സന്തോഷത്തിന്റെയും കാരണം വീട്ടുകാരുടെ പിന്തുണയാണ്. പഠിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇപ്പോൾ ഇ​ഗ്നോവിന്റെ എംഎ സൈക്കോളജി പഠിക്കുന്നുണ്ട്. ഇത് കഴിയുമ്പോൾ ചിലപ്പോ അടുത്ത പിജിയും നോക്കും.'' ഇങ്ങനെ പഠിച്ചു പഠിച്ചു പോകുന്നത് രസമല്ലേ എന്നും റീതു ചോദിക്കുന്നു.

പഠിച്ചും പോരാടിയും റീതു എന്ന പെൺകുട്ടി നമുക്കൊരു പോരാളിയെ കാണിച്ചു തരുന്നുണ്ട്. മറ്റൊരു പിജി കോഴ്സിന്റെ മുൻനിര റാങ്ക് പട്ടികയിലൊന്നിൽ ഇനിയൊരിക്കൽ കൂടി റീതു എന്ന പേര് കാണുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ട് എന്ന് തന്നെയാണ് ഈ ഇരുപത്തൊമ്പതുകാരിയുടെ ഉത്തരം. 

 

click me!