ഇരിങ്ങാലക്കുടയുടെ മിടുക്കി; അഭിമാനമായി ഫാത്തിമ ഷഹ്സീന, 2.5 കോടിയുടെ മേരി ക്യൂറി ഫെല്ലോഷിപ്പ് സ്വന്തമാക്കി

Published : Oct 23, 2025, 10:09 AM IST
Fathima Shahseena

Synopsis

ഇരിങ്ങാലക്കുട സ്വദേശിനിയായ ഫാത്തിമ ഷഹ്സീന യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കി. ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഗവേഷണത്തിനാണ് മൂന്നു വർഷം നീളുന്ന ഈ അംഗീകാരം. 

തൃശൂർ: യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കി ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീന. പോർച്ചുഗലിലെ മിൻഹോ സർവകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമുന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിൻ്റേയും ഷബീനയുടേയും മകളായ ഫാത്തിമക്ക് ലഭിച്ചത്. ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഡൗൺസ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റലൈസേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളിലായി മൂന്നു വർഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളർഷിപ്പ് ലഭിച്ചത്. 

തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ് ബിരുദവും ഫാത്തിമ ഷഹ്സീന നേടിയിരുന്നു. ബെസ്റ്റ് ഓവറോൾ ഫെർമോർമർക്കുള്ള സമ്മാനവും ഏറ്റവും മികച്ച പ്രൊജക്ടിനുള്ള ഒന്നാം സ്ഥാനവും യു.കെ യിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫാത്തിമ ഷഹ്സീന കരസ്ഥമാക്കിയിട്ടുണ്ട്. പത്താം ക്ലാസ് വരെ ചേർപ്പ് ലൂർദ് മാത സ്കൂളിലും പ്ലസ്ടുവിന് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലുമാണ് പഠിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഫാത്തിമയെ അഭിനന്ദിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍