
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജെഇഇ മെയിൻ 2022 സെഷൻ 2 പരീക്ഷഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിട്ടത്. നൂറ് ശതമാനം മാർക്ക് നേടിയ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. ജെഇഇ മെയിൻ 2022 സെഷൻ 2 ലെ ടോപ്പർമാരിൽ ഒരാൾ രാജസ്ഥാൻ സ്വദേശിയായ പാർത്ഥ് ഭരദ്വാജ് എന്ന വിദ്യാർത്ഥിയായിരുന്നു. 300ൽ 300 മാർക്കും നേടിയാണ് പാർത്ഥ് ഭരദ്വാജ് ചരിത്ര വിജയം കരസ്ഥമാക്കിയത്. അഖിലേന്ത്യാ തലത്തിൽ 3ാം റാങ്കും കരസ്ഥമാക്കി.
ജെഇഇ സെഷൻ 1 പരീക്ഷയിൽ 99.975 ശതമാനം മാർക്കാണ് പാർത്ഥ് നേടിയത്. രാജ്യത്തെ മുൻനിര എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം ലഭിക്കുമെന്ന് ഉറപ്പ്. എന്നാൽ എന്നാൽ ഇത്രയും മികച്ച മാർക്ക് നേടിയിട്ടും, പാർത്ഥ് പറയുന്നത് എഞ്ചിനീയറിംഗ് അല്ല താൻ പ്രൊഫഷനായി തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ്. മറിച്ച് സിവിൽ സർവ്വീസ് ആണ് ഈ വിദ്യാർത്ഥിയുടെ ലക്ഷ്യം. 18 കാരനായ പാർത്ഥ്, തനിക്ക് എഞ്ചിനീയറിംഗ് പഠിക്കാനും ആ മേഖലയിൽ തൊഴിൽ തിരഞ്ഞെടുക്കാനും പദ്ധതിയില്ലെന്ന് തുറന്നുപറയുന്നു. യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പാർത്ഥ് ഭരദ്വാജ് പറഞ്ഞു.
സിവിൽ സർവ്വീസ് നേടി, രാജ്യത്തെ സേവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പാർത്ഥ് വ്യക്തമാക്കി. ജെഇഇ മെയിൻ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇപ്പോഴും ഇന്ത്യയിൽ വളരെ കൂടുതലാണെന്നും 80 ശതമാനം എഞ്ചിനീയർമാരും രാജ്യത്ത് തൊഴിലില്ലാത്തവരാണെന്നും തൊഴിൽ സുരക്ഷ ലഭിക്കുന്നില്ലെന്നും പാർത്ഥ് അഭിമുഖത്തിൽ പറയുന്നു. 11ാം ക്ലാസ് മുതൽ ജെഇഇ പരീക്ഷക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. സെഷൻ 2 പഠനത്തിനായി മൂന്നോ നാലോ ദിവസങ്ങൾ മാത്രമാണ് നീക്കിവെച്ചതെന്നും പാർത്ഥ് പറയുന്നു. ആഗസ്റ്റ് 8നാണ് ജെഇഇ മെയിൻ സെഷൻ 2 പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 24 വിദ്യാർത്ഥികളാണ് പരീക്ഷയിൽ നൂറ് ശതമാനം മാർക്ക് നേടി വിജയിച്ചത്.