കാലടി ശ്രീശാരദ വിദ്യാലയത്തിന് സൈനിക സ്കൂൾ പദവി; രാജ്യത്ത് അംഗീകാരം നല്‍കിയത് 21 സ്കൂളുകള്‍ക്ക്

Published : Mar 28, 2022, 01:17 PM ISTUpdated : Mar 28, 2022, 01:28 PM IST
കാലടി ശ്രീശാരദ വിദ്യാലയത്തിന് സൈനിക സ്കൂൾ പദവി; രാജ്യത്ത് അംഗീകാരം നല്‍കിയത് 21 സ്കൂളുകള്‍ക്ക്

Synopsis

സൈന്യത്തിലും മറ്റ് സേവന മേഖലകളിലും സമർത്ഥരെ വാർത്തെടുക്കുന്നതിനായി രാജ്യത്തെ ഇരുപത്തിയൊന്ന് സ്കൂളുകൾക്കാണ് കേന്ദ്രം സൈനിക സ്കൂൾ പദവി നൽകിയത്. സംസ്ഥാനത്ത് നിന്നുള്ള ഇരുനൂറോളം അപേക്ഷകരിൽ നിന്നാണ് ശ്രീശാരദ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടത്. 

എറണാകുളം കാലടിയിലെ ശ്രീശാരദ വിദ്യാലയത്തിന് സൈനിക സ്കൂൾ പദവി നൽകി കേന്ദ്ര പ്രതിരോധമന്ത്രാലയം. സംസ്ഥാനത്ത് നിന്നുള്ള ഇരുനൂറോളം അപേക്ഷകരിൽ നിന്നാണ് ശ്രീശാരദ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടത്. സൈന്യത്തിലും മറ്റ് സേവന മേഖലകളിലും സമർത്ഥരെ വാർത്തെടുക്കുന്നതിനായി രാജ്യത്തെ ഇരുപത്തിയൊന്ന് സ്കൂളുകൾക്കാണ് കേന്ദ്രം സൈനിക സ്കൂൾ പദവി നൽകിയത്. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിന് പുറമെ കേരളത്തിന് മറ്റൊരു സൈനിക സ്കൂൾ കൂടിയാണ് ഇതോടെ ലഭിക്കുന്നത്. 

മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന കാലടി ശ്രീ ശങ്കര വിദ്യാലയത്തിന് ഇത് അഭിമാന നിമിഷമാണ്. ഈ വരുന്ന മെയ് മാസം മുതൽ സ്കൂളിന് സൈനിക പദവി നിലവിൽ വരും. ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ഓൾ ഇന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടാം. ശ്രീശാരദ സ്കൂളിലെ ആറാം ക്ലാസിലേക്ക് കടക്കുന്ന വിദ്യാർത്ഥികളിൽ 60ശതമാനം പേർക്ക് പ്രത്യേക പരീക്ഷയിലൂടെ സൈനിക സ്കൂൾ പാഠ്യപദ്ധതിയിലേക്ക് മാറാനും അവസരമുണ്ട്. രാജ്യത്ത് പുതിയതായി 100 സൈനിക സ്കൂൾ സ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി.ആദ്യഘട്ടത്തിൽ അനുമതി കിട്ടിയ 21 സ്കൂളുകളിൽ കേരളത്തിൽ നിന്ന് ശ്രീശാരദ വിദ്യാലയം മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ശൃംഗേരി മഠം നേതൃത്വം നൽകുന്ന ആദിശങ്കര ട്രസ്റ്റാണ് 1992ലാണ് ആദിശങ്കരന്‍റെ ജന്മനാട്ടിൽ സ്കൂൾ സ്ഥാപിച്ചത്. എൽകെജി മുതൽ പ്ലസ് ടു വരെ 1500 വിദ്യാർത്ഥികളുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കാനുള്ള സംവിധാനവും സ്കൂൾ ഒരുക്കുന്നുണ്ട്. കേന്ദ്രസർക്കാർ നൽകിയ അംഗീകാരത്തിന് അനുസരിച്ച് ഉയരാനുള്ള പരിശ്രമത്തിലാണ് സ്കൂൾ അധികൃതരുമുള്ളത്.

PREV
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം