കേരളം വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച പുരോഗതി മികച്ചത്; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

By Web TeamFirst Published Jan 27, 2021, 10:52 AM IST
Highlights

നീതി ആയോഗിന്റെ ദേശീയ സ്‌കൂൾ വിദ്യാഭ്യാസ ഇൻഡക്‌സിൽ സംസ്ഥാനം ഒന്നാമതായതും വിദ്യാഭ്യാസ മേഖലയിലുള്ള കേരളത്തിന്റെ മുന്നേറ്റമാണെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. 

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ കേരളം കൈവരിച്ച പുരോഗതി നാളെയുടെ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ നൽകിയ സന്ദേശത്തിലാണ് ഗവർണർ സംസ്ഥാനം വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ എണ്ണി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായതും, നീതി ആയോഗിന്റെ ദേശീയ സ്‌കൂൾ വിദ്യാഭ്യാസ ഇൻഡക്‌സിൽ സംസ്ഥാനം ഒന്നാമതായതും വിദ്യാഭ്യാസ മേഖലയിലുള്ള കേരളത്തിന്റെ മുന്നേറ്റമാണെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. 

വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേരിൽ സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാലക്ക് തുടക്കം കുറിച്ചതും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ആന്റ് ടെക്‌നോളജി സ്ഥാപിച്ചതും ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ പ്രധാന നേട്ടങ്ങളാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് സൗകര്യം ഒരുക്കാനുള്ള കേരളത്തിന്റെ നടപടി അഭിനന്ദനാർഹമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിട്ട മേഖലകളിൽ ആവശ്യമായ ഇന്റർനെറ്റ് സംവിധാനവും കുട്ടികൾക്ക് ടെലിവിഷനും ലഭ്യമാക്കാൻ ഫലപ്രദമായ നടപടികളാണ് ഈ സർക്കാർ കൈക്കൊണ്ടതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. വികസിത സുശക്ത സ്വാശ്രയ ഭാരതം; സുന്ദര സ്വയംപര്യാപ്ത നവകേരളം എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും ഇതിനായി ഒരുമയോടെ മുന്നേറാമെന്നും ചടങ്ങിൽ ഗവർണർ പറഞ്ഞു.

click me!