പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽ മികച്ചത്: ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ട്

By Web TeamFirst Published Feb 2, 2021, 3:18 PM IST
Highlights

പ്രാഥമിക വിദ്യാഭ്യാസത്തിൽ രാജ്യത്തെ 96 % കുട്ടികൾ വിദ്യാലയ പ്രവേശനം നേടി എന്ന് അവകാശപ്പെടുന്ന രേഖയിൽ മുൻപന്തിയിലാണ് കേരളം. 
 


തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്ക് വീണ്ടും ദേശീയ തലത്തിൽ അംഗീകാരം. ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് കേരളത്തിൻ്റെ നേട്ടം എടുത്ത് പറഞ്ഞിരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിൽ രാജ്യത്തെ 96 % കുട്ടികൾ വിദ്യാലയ പ്രവേശനം നേടി എന്ന് അവകാശപ്പെടുന്ന രേഖയിൽ മുൻപന്തിയിലാണ് കേരളം. 

പഠന തുടർച്ച കൂടുതലുള്ള സംസ്ഥാനങ്ങളിലും കേരളമാണ് മുന്നിട്ട് നിൽക്കുന്നത്. 6 മുതൽ 13 വയസ് വരെയുള്ള മുഴുവൻ കുട്ടികളും സ്‌കൂളുകളിൽ ഹാജരാകുന്നതും ഈ കാലഘട്ടത്തിലെ എല്ലാ കുട്ടികളുടെയും സ്‌കൂൾ പ്രവേശനവും തുടർച്ചയും ഉറപ്പാക്കിയ ഏക സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനുണ്ട്. ഹയർ സെക്കൻഡറി ഉൾപ്പെടുന്ന 14 മുതൽ 17 വയസു വരെ പ്രായമുള്ളവരിൽ 98.3 ശതമാനം കുട്ടികളും സ്‌കൂളുകളിൽ ഹാജരാകുന്നു എന്ന സവിശേഷതയും കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്. വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട ഡിജിറ്റൽ എജ്യുക്കേഷൻ ലേണിംഗ് ഇനീഷ്യേറ്റീവ്സ് അക്രോസ് ഇന്ത്യ എന്ന റിപ്പോർട്ടിൽ കേരളത്തിൻ്റെ ഡിജിറ്റൽ വിദ്യാഭ്യാസം മാതൃകാപരമാണെന്നും വ്യക്തമാക്കിയിരുന്നു.


 

click me!