'സാറെ, ഇവനെന്റെ പെൻസിലെടുത്തു, തിരിച്ചു തരുന്നില്ല', കേസെടുക്കണമെന്ന് പൊലീസ് സ്റ്റേഷനിലെത്തി കുരുന്നുകൾ

By Web TeamFirst Published Nov 26, 2021, 3:34 PM IST
Highlights

ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ പേട ക‍ഡുബുരു പൊലീസ് സ്റ്റേഷനിലേക്കാണ് പരാതിയുമായി കുട്ടിക്കൂട്ടം എത്തിയത്. ആന്ധ്രാപ്രദേശ് പൊലീസ് ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് ഈ പരാതി പരിഹരിക്കുന്ന വീഡിയോ പങ്കിട്ടിരിക്കുന്നത്. 
 

ദില്ലി: ​അനുവാദമില്ലാതെ കൂട്ടുകാരൻ  പെൻസിലെടുത്തു (Pencil). എത്ര ചോ​ദിച്ചിട്ടും തിരിച്ചു തരുന്നില്ല. ഒടുവിൽ  പരാതി പറയാൻ (Complaint) നേരെ പോയി, പൊലീസ് സ്റ്റേഷനിലേക്ക് (Police Station). കേൾക്കുമ്പോൾ ചിരി  വരുമെങ്കിലും സംഭവം ​ഗൗരവമുള്ളതാണ്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ പേട ക‍ഡുബുരു പൊലീസ് സ്റ്റേഷനിലേക്കാണ് പരാതിയുമായി കുട്ടിക്കൂട്ടം എത്തിയത്. ആന്ധ്രാപ്രദേശ് പൊലീസ് ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് ഈ പരാതി പരിഹരിക്കുന്ന വീഡിയോ പങ്കിട്ടിരിക്കുന്നത്. 

സഹപാഠി പെൻസിലെടുത്തെന്ന് പറയുന്ന കുട്ടിയെ വീഡിയോയിൽ കാണാം. പൊലീസ് ഉദ്യോ​ഗസ്ഥൻ പരാതി ക്ഷമയോടെ കേൾക്കുന്നുണ്ട്. പെൻസിലെടുത്ത കുട്ടിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരന്റ ആവശ്യം. എന്നാൽ അവനെതിരെ കേസെടുത്ത് ജയിലിലയച്ചാൽ അവന്റെ ജീവിതം ബുദ്ധിമുട്ടിലാകും. അതുകൊണ്ട് രമ്യമായി പരിഹരിക്കാം എന്ന് പറയുന്നുണ്ട് ഉദ്യോ​ഗസ്ഥൻ. ഒടുവിൽ തർക്കം പറഞ്ഞു തീർത്ത് പരസ്പരം ഷേക്ൿഹാൻഡ് കൊടുത്തിട്ടാണ് കുട്ടികളെ പറഞ്ഞയക്കുന്നത്. 

നന്നായി പഠിക്കണമെന്നും സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നുമാണ് ഉദ്യോ​ഗസ്ഥർ ഇരുവരെയും ഉപദേശിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാ​ഗങ്ങൾക്കും സൗഹാർദ്ദത്തോടെ സേവനം ചെയ്യുന്ന, അവരെ പരിപാലിക്കുന്ന പൊലീസിനോട് അവർക്കുള്ള വിശ്വാസമാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നതെന്നും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ പൊലീസുദ്യോ​ഗസ്ഥരെ പ്രാപ്തരാക്കുന്നുവെന്നും ആന്ധ്രാ പൊലീസ് ട്വിറ്ററില്‍ കുറിച്ചു. 

'പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ പോലും ആന്ധ്രാപ്രദേശ് പൊലീസിനെ വിശ്വസിക്കുന്നു. ആന്ധ്രയിലെ ജനങ്ങൾക്ക് ആത്മവിശ്വാസവും ഉറപ്പു നൽകുന്ന വിധത്തിൽ പൊലീസിന്റെ മനോഭാവത്തിലും പെരുമാറ്റത്തിലും ആശയവിനിമയത്തിലും മാതൃകാപരമായ മാറ്റമുണ്ട്.' വീഡിയോയ്ക്കൊപ്പം ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ ആന്ധ്രാ പൊലീസ് പറയുന്നു. പൊലീസിന്റെ സൗഹാർദ്ദപരമായ പെരുമാറ്റത്തെ അഭിനന്ദിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.

Even Primary School Children trust :
There is a paradigm shift in the attitude,behaviour&sensitivity of AP Police in way of giving confidence& reassurance to the people of
AP Police stays as No1 in in the country in Survey 2021 only testifies pic.twitter.com/Zs7CQoqqOI

— Andhra Pradesh Police (@APPOLICE100)
click me!