
തൃശ്ശൂർ: തൃശ്ശൂരില്‍ വെച്ച് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം പൂര്‍ണ്ണമായും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) വിപുലമായ ഐ.ടി സംവിധാനങ്ങൾ സജ്ജമാക്കി. രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളും ഓൺലൈൻ പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും ഏകോപിപ്പിച്ചും സ്‌കൂൾവിക്കിയിൽ മുഴുവൻ സ്റ്റേജിതര മത്സരങ്ങൾ ഉൾപ്പെടുത്തിയും കൈറ്റ് വിക്ടേഴ്‌സ് വഴി തത്സമയ സംപ്രേക്ഷണം ഒരുക്കിയുമാണ് കൈറ്റ് കലോത്സവത്തിന് ഡിജിറ്റൽ മുഖം നൽകുന്നത്
'ഉത്സവം' പോര്‍ട്ടല്‍
കലോത്സവത്തിന്റെ ആകെ നിയന്ത്രണം www.ulsavam.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് നിർവ്വഹിക്കുന്നത്. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക, ടീം മാനേജര്‍മാര്‍ക്കുളള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക തുടങ്ങിയവയെല്ലാം ഇതിലൂടെ പൂർണ്ണമായും ഓൺലൈൻ രൂപത്തിലാക്കി. സ്റ്റേജുകളിലെ മത്സരക്രമം അറിയിക്കുന്ന ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്കോര്‍ഷീറ്റ് എന്നിവയുടെ തയ്യാറെടുപ്പും ഇതിലൂടെയാണ് നടക്കുന്നത്. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി അവ ലഭ്യമാക്കാനും പോർട്ടലില്‍ സൗകര്യമുണ്ട്. കൂടാതെ, ഇത്തവണ ഹയര്‍ അപ്പീല്‍ ടോക്കണ്‍ രജിസ്ട്രേഷന്‍ സംവിധാനം ആപ്പിലൂടെ തന്നെ നടപ്പിലാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറും ഉൾപ്പെടുത്തിയതായി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
‘ഉല്‍സവം’ മൊബൈല്‍ ആപ്പ്
പൊതുജനങ്ങൾക്ക് മത്സരവിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ 'KITE Ulsavam' എന്ന മൊബൈൽ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. 25 വേദികളിലേക്കും അനുബന്ധ ഓഫീസുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഡിജിറ്റൽ മാപ്പുകൾ ഈ ആപ്പിന്റെ പ്രധാന പ്രത്യേകതയാണ്. അതിനാൽ വിവിധ വേദികളിലെ മത്സരങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം തത്സമയം സ്കോറിനോടൊപ്പം ഈ ആപ്പിലൂടെ അറിയാൻ സാധിക്കും.
രചനകൾ സ്കൂള്‍ വിക്കിയില്‍
കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിങ്ങ് തുടങ്ങിയ രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിനുശേഷം അവ സ്കൂള്‍ വിക്കിയില്‍ (www.schoolwiki.in) ലഭ്യമാക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ എല്ലാ ഭാഷകളിലെയും രചനകൾ ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെയാണ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത്. 2016 മുതലുള്ള കലോല്‍സവ രചനകളുടെ ഡിജിറ്റൽ ശേഖരവും ഇതിൽ ലഭ്യമാണ്.
കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം
വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങൾ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ തത്സമയം നല്‍കും. www.victers.kite.gov.in വഴിയും KITE VICTERS മൊബൈല്‍ ആപ് വഴിയും ഇത് കാണാം.