Latest Videos

ഒരേ ദിവസം തുടങ്ങിയ ഗവേഷണം, മദ്രാസ് ഐഐടിയിൽ നിന്ന് ഒരേ ദിവസം ഡോക്ടറേറ്റ് നേടി മലയാളി ദമ്പതികൾ!

By Prabeesh bhaskarFirst Published Aug 22, 2023, 2:51 PM IST
Highlights

പലപ്പോഴും മലയാളികൾ അഭിമാനകരമായ നേട്ടങ്ങളുമായി മുഖ്യധാരയിലേക്ക് ഉയർന്നുവരുന്നത് ഏറെ സന്തോഷമുള്ള കാഴ്ചയാണ്

കോഴിക്കോട്:  മലയാളികൾ വലിയ നേട്ടങ്ങൾ എത്തിപ്പിടിക്കുന്ന വാർത്തകളും വിശേഷങ്ങളും പലപ്പോഴും കാണാറുണ്ട്. ലോകത്തിന്റെ ഓരോ കോണിൽ നിന്നും പുറത്തുവരുന്ന ഇത്തരം ജീവിത കഥകളിൽ പലപ്പോഴും മലയാളികൾ അഭിമാനകരമായ നേട്ടങ്ങളുമായി മുഖ്യധാരയിലേക്ക് എത്തുന്നത് ഏറെ സന്തോഷമുള്ള കാഴ്ചയാണ്. അത്തരത്തിൽ വലിയ നേട്ടത്തിനൊപ്പം ചെറിയൊരു കൌതുകത്തിന്റെ കൂടി കഥ പറയുകയാണ് വടകര ചോമ്പാൽ സ്വദേശി പ്രിയേഷും, ഭാര്യ കവിതയും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിൽ നിന്ന്  ഒരേ ദിവസം ഡോക്ടറേറ്റ് സ്വന്തമാക്കി പുറത്തിറങ്ങിയിരിക്കുകയാണ് ഇരുവരും. ഒരേ നാട്ടുകാരായ ഭാര്യയും ഭർത്താവും ഒരേ ദിവസം ഒരേ സ്ഥാപനത്തിൽ നിന്ന് വ്യത്യസ്ത വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടി പുറത്തിറങ്ങിയിരിക്കുന്നു. മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനിയറങ്ങിലാണ് പ്രിയേഷ് ഡോക്ടറേറ്റ് നേടിയത്. കവിത ബയോമെട്രിക്കൽ ഡിവൈസ് ആൻഡ് ടെക്നോളജിയിലും. 

കെടി ബസാർ സ്വദേശിനിയാണ് കവിത. മടപ്പള്ളി ഹൈ സ്കൂളിൽ പ്രസ്ടുവിന് ഒരുമിച്ചാണ് ഇരുവരും പഠിച്ചത്. അന്നുമുതൽ പരിചയമുണ്ട്. പിന്നാലെ ബിടെക്കിന് പഠനം രണ്ട് കോളേജുകളിലായിരുന്നു. തലശ്ശേരി എഞ്ചിനിയറിങ് കോളേജിലാണ് പ്രിയേഷ് പഠനം തുടർന്നത്. കവിത കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലും. ബിടെക്കിന് ശേഷം ഇരുവരും ഒരുമിച്ചാണ് ഐഐടി മദ്രാസിൽ പിഎച്ച്ഡിക്ക് ചേർന്നത്. ഇതിനിടയിൽ അപ്രതീക്ഷിതമായി കൊവിഡ് എത്തി. ഒരുമിച്ച് തന്നെ തിരിച്ച് നാട്ടിലെത്തി. ഇതിനിടെ 2020-ലായിരുന്നു ഇരുവരും വിവാഹിതരായത്. 

നേട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ വലിയ സന്തോഷമെന്ന് പ്രിയേഷ് പറഞ്ഞു. വലിയ കാര്യമാണ് എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും വ്യക്തിപരമായി എനിക്ക് വലിയ നേട്ടം തന്നെയാണ്. ഒപ്പം കവിതയും ഡോക്ടറേറ്റ് നേടുമ്പോൾ അത് ഇരട്ടി സന്തോഷമുണ്ടാക്കുന്നുണ്ട്. വ്യത്യസ്ത വഷയങ്ങളാണെങ്കിലും പിഎച്ച്ഡി വിഷയങ്ങളിൽ പരസ്പരം ചർച്ചകൾ ചെയ്യാറുണ്ടായിരുന്നു. പരസ്പരമുള്ള സഹകരണത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലെന്ന് അറിയാം. ഒപ്പം ഏറെ സഹായം ചെയ്ത അധ്യാപകരെ മറക്കാനാവില്ല. ഒത്തിരി പേരുകളുണ്ട്. ആരെയും എടുത്തുപറയുന്നില്ല. അവരോടെല്ലാം ഏറെ നന്ദിയുണ്ട്. പിന്നെ സഹോദരന്മാരും കുടുംബവും നൽകിയ പിന്തുണ അത്രയും വലുതായിരുന്നുവെന്നും പ്രിയേഷ് പറഞ്ഞു.

കവിതയ്ക്കും പറയാനുള്ളത് മറ്റൊന്നല്ല. പ്രിയേഷിനൊപ്പം വീട്ടുകാരും നൽകിയ വലിയ പിന്തുണയെ കുറിച്ചായിരുന്നു. ചേച്ചിയും അവരുടെ ഭർത്താവും നൽകിയ പിന്തുണ എടുത്തുപറയും കവിത. ഇരുവരും എൻസിഎല്ലിൽ പിഎച്ച്ഡി ചെയ്യുകയാണെന്നും എല്ലാവരോടും ഏറെ നന്ദിയെന്നും പറഞ്ഞു നിർത്തുകയാണ് കവിത. പരേതരായ വെളുമ്പൻ ഗോവിന്ദന്റെയും കമലയുടെയും മകൾ ആണ് കവിത ഇല്ലത്ത്. വടകര ചോമ്പാല പാറേമ്മൽ രാഘവൻ പ്രമീള ദമ്പതികളുടെ മകനാണ് പ്രിയേഷ്.

കവിതയുടെ ഗവേഷണം

മനുഷ്യ കോശങ്ങൾ ലേക് തന്മാത്രകൾ കടന്നു പോകുന്നതിന് പരിമിതികൾ ഉണ്ട്. പുതിയ മരുന്നുകളുടെ പ്രവർത്തനം മനസ്സിലാക്കാനും മറ്റും ഇത് മറികടക്കേണ്ടത് ആവശ്യം ആണ്. ഇതിന് സഹായകമായ photoporation എന്ന ടെക്നോളജിയായിരുന്നു കവിതയുടെ ഗവേഷണ വിഷയം. വളരെ സൂഷ്മമായ നാനോ ഗോൾഡ് പാർട്ടിക്കിൾസും ലേസറുംം ഉപയോഗിച്ച് കോശങ്ങളെ ആവശ്യാനുസരണം മാനിപ്പുലേറ്റ് ചെയ്യാൻ സാധിച്ചു,. ഇതിന് ആവശ്യമായ ഗോൾഡ് പാർട്ടിക്കിൾസ്, microfludic എന്ന സാങ്കേതിക വിദ്യയിലൂടെ നിർമിച്ചു. 

ഈ ഗവേഷണത്തിന്റെ ഒരു ഭാഗം ജാപ്പനീസ് ഗവൺമെന്റിന്റെ ജാസോ ഫെലോഷിപ്പോടുകൂടി (JASSO fellowship) ടോയോഹാഷി  യൂണിവേഴ്സിറ്റിയിൽ ആണ് പൂത്തീകരിച്ചത്. ഭാവിയിലെ മരുന്ന് കണ്ടുപിടിത്തങ്ങൾക്ക് കൂടുതൽ സുരക്ഷിതമായ വഴി ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഠന ഫലങ്ങൾ 'Surface and Interface' എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐഐടി മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ചിൽ അവാർഡ് നേടിയ ഈ കണ്ടെതൽ പാറ്റന്റിനായി സമർപ്പിച്ചിരിക്കുകയാണ്. ഇതിനു പുറമേ ലാബിലെ കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായി മറ്റ് ആറ് പാറ്റന്റുകളുടെ ഭാഗവുമാണ് കവിത. 

 

Read more: തുള്ളി പോലും പാഴാക്കില്ല; ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ

പ്രിയേഷിന്റ ഗവേഷണം

പ്രിയേഷ്  മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനിയറങ്ങിലാണ് ഡോക്ടറേറ്റ്  ഡോക്ടറേറ്റ് നേടിയത്. വളരെ നേർത്ത കോട്ടിങ് വികസിപ്പിക്കുന്നതായിരുന്നു ഗവേഷണം. തല നാരിഴയുടെ നൂറിൽ ഒന്നു നേർത്ത കോട്ടിങ്, ലോഹങ്ങളെ തേയ്മാനത്തിൽ നിന്നും മറ്റ് രാസപ്രവർത്തനങ്ങളിൽ നിന്നും രക്ഷിക്കുന്നു. പ്രൊഫ. ബിഎസ് മൂർത്തിയുടെ നേതൃത്വത്തിൽ ഉള്ള അഡ്വാൻസ്ഡ് മെറ്റീരിയൽ റിസർച്ച് ഗ്രൂപ്പ് ടൈറ്റാൻ കമ്പനി ലിമിറ്റഡുമായി സഹകരിച്ച് നടത്തിയ ഗവേഷണത്തിന് ഇന്ത്യൻ സർക്കാറിന്റെ പാറ്റൻഡും ലഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!