ഓണ്‍ലൈന്‍ കോഴ്‌സുകളും ഷോര്‍ട്ട് - ടേം സ്‌കില്ലിംഗ് പ്രോഗ്രാമുകളും വിലകൂടിയതാകുന്നത് യുവാക്കളുടെ പഠനാവസരങ്ങളെ ബാധിക്കുന്നുവെന്നാണ് കമ്പനിയുടെ നിലപാട്. 

കൊച്ചി: ഡിജിറ്റല്‍ പഠന കോഴ്‌സുകള്‍ക്ക് നിലവില്‍ ഈടാക്കുന്ന 18 ശതമാനം ജിഎസ്ടി യുക്തിപരമായി പുനപരിശോധിക്കണമെന്നും, കുറഞ്ഞ പലിശനിരക്കിലുള്ള വിദ്യാഭ്യാസ വായ്പകള്‍ കൂടുതല്‍ ലഭ്യമാക്കണമെന്നും ഗ്രേറ്റ് ലേണിങ് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ കോഴ്‌സുകളും ഷോര്‍ട്ട് - ടേം സ്‌കില്ലിംഗ് പ്രോഗ്രാമുകളും വിലകൂടിയതാകുന്നത് യുവാക്കളുടെ പഠനാവസരങ്ങളെ ബാധിക്കുന്നുവെന്നാണ് കമ്പനിയുടെ നിലപാട്.

ദീര്‍ഘകാല ഔപചാരിക വിദ്യാഭ്യാസം പിന്തുടരാന്‍ കഴിയാത്ത വലിയൊരു വിഭാഗം യുവാക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനമാണ് ഏക വഴിയെന്നും, അതിനാല്‍ ഇത്തരം കോഴ്‌സുകള്‍ കൂടുതല്‍ പ്രാപ്യവും ചെലവുകുറഞ്ഞതുമായിരിക്കണമെന്നും വിദ്യാഭ്യാസ സാമഗ്രികള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കിയതുപോലെ, ഡിജിറ്റല്‍ പഠന സേവനങ്ങള്‍ക്കും സമതുലിതമായ നികുതി സമീപനം വേണമെന്നും ഗ്രേറ്റ് ലേണിങിന്റെ സഹസ്ഥാപകന്‍ അര്‍ജുന്‍ നായര്‍ ആവശ്യപ്പെട്ടു.

അതോടൊപ്പം, ഇന്ത്യയുടെ അടുത്ത വളര്‍ച്ചാ ഘട്ടത്തിന് എഐ നിര്‍ണായകമാണെന്നും, എഐ പഠനം കുറച്ച് പേരുടെ പ്രത്യേകാവകാശമായി മാറരുതെന്നും ഗ്രേറ്റ് ലേണിങ് ചൂണ്ടിക്കാട്ടി. ജോലി ചെയ്തുകൊണ്ടുതന്നെ പഠിക്കാവുന്ന ഓണ്‍ലൈന്‍, ഷോര്‍ട്ട്–ടേം എഐ കോഴ്‌സുകള്‍ വിലകുറഞ്ഞതാക്കുക വഴി മാത്രമേ രാജ്യത്ത് ഉള്‍ക്കൊള്ളുന്ന, ഭാവിക്ക് തയ്യാറായ തൊഴിലാളി സമൂഹം രൂപപ്പെടുത്താന്‍ കഴിയൂവെന്നും അര്‍ജുന്‍ നായര്‍ പറഞ്ഞു.