ദില്ലി സര്‍വ്വകലാശാലയിലെ ബിരുദം; പ്രവേശന പരീക്ഷ വെല്ലുവിളിയായി, മലയാളി വിദ്യാർത്ഥികളുടെ എണ്ണത്തില്‍ കുറവ്

Published : Oct 23, 2022, 09:03 AM IST
ദില്ലി സര്‍വ്വകലാശാലയിലെ ബിരുദം; പ്രവേശന പരീക്ഷ വെല്ലുവിളിയായി, മലയാളി വിദ്യാർത്ഥികളുടെ എണ്ണത്തില്‍ കുറവ്

Synopsis

ബിരുദ പ്രവേശന നടപടികളിലെ അപാകത പരിഹരിക്കാന്‍ നിയോഗിച്ച സമിതി ഇത്തവണ മുതല്‍ എന്‍ട്രന്‍സ് പരീക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സിബിഎസ്ഇ സിലബസിന് പ്രാധാന്യം നല്‍കിയുള്ള പ്രവേശന പരീക്ഷയായതിനാല്‍ സംസ്ഥാന സിലബസ് പിന്തുടര്‍ന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും പിന്‍വാങ്ങുകയായിരുന്നുവെന്നാണ് വിലയിരുത്തുന്നത്.  

ദില്ലി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച മലയാളി വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കേരള ബോര്‍ഡ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിലാണ് കഴിഞ്ഞ വർഷത്തേക്കാൾ 61 ശതമാനം കുറവാണുണ്ടായത്. പ്രവേശന പരീക്ഷയ്ക്ക് സിബിഎസ്ഇയുടേതിന് സമാനമായ സിലബസ് ഏർപ്പെടുത്തിയത് സംസ്ഥാനങ്ങളിലെ ബോർഡ് പരീക്ഷയെഴുതിയവർക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

ദില്ലി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനായി ആകെ അപേക്ഷിച്ചത് 1,75,149 പേരാണ്. അപേക്ഷകരിൽ ഇക്കുറി 1,42,473 വിദ്യാർത്ഥികൾ സിബിഎസ്ഇ പരീക്ഷ എഴുതിയവരായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ഇവരുടെ എണ്ണത്തില്‍ ഒന്നര ശതമാനമാണ് വര്‍ധനയാണ്ടായത്. കേരളത്തിൽ നിന്ന് ഇത്തവണ അപേക്ഷിച്ചത് 1847 പേർ മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 4824 ആയിരുന്നു. ബിരുദ പ്രവേശന നടപടികളിലെ അപാകത പരിഹരിക്കാന്‍ നിയോഗിച്ച സമിതി ഇത്തവണ മുതല്‍ എന്‍ട്രന്‍സ് പരീക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സിബിഎസ്ഇ സിലബസിന് പ്രാധാന്യം നല്‍കിയുള്ള പ്രവേശന പരീക്ഷയായതിനാല്‍ സംസ്ഥാന സിലബസ് പിന്തുടര്‍ന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും പിന്‍വാങ്ങുകയായിരുന്നുവെന്നാണ് വിലയിരുത്തുന്നത്.

പ്രവേശന നടപടികള്‍ വൈകിയതും അപേക്ഷകരുടെ എണ്ണം കുറച്ചു. കഴിഞ്ഞ വര്‍ഷം പ്രവേശന നടപടികൾക്കിടെ അധ്യാപകരുടെ ഭാഗത്ത് നിന്ന് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരെ മാർക്ക് ജിഹാദ് ഉൾപ്പടെയുള്ള വിവേചനപരമായ പരാമർശങ്ങളുണ്ടായിരുന്നു. ആദ്യ അലോക്കേഷൻ ആണ് ഇതുവരെ പൂർത്തിയായത്. രണ്ട് ഘട്ട അലോട്ട്മെൻറ് കൂടി ഇനി നടക്കാനുണ്ട്. ആദ്യ ഘട്ടത്തിൽ മുപ്പതിനായിരം പേർ പ്രവേശനം നേടിയിട്ടുണ്ട്.

നേരത്തെ കേരളത്തിൽ നിന്നും ഒബിസി വിഭാഗത്തിലെ കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടുന്നുവെന്ന ദില്ലി സർവകലാശാല കമ്മിറ്റിയുടെ പഠന റിപ്പോർട്ട് ഏറെ വിവാദമായിരുന്നു. ദില്ലി സര്‍വ്വകലാശാലയിലെ പ്രവേശനങ്ങളെ കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലായിരുന്നു വിവാദ പരാമർശങ്ങളുണ്ടായിരുന്നത്. കേരളത്തിൽ നിന്നും കൂടുതൽ കുട്ടികൾ പ്രവേശനം നേടുന്നതിനെ സംശയത്തിന്‍റെ നിഴലിലാക്കുന്നതായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തലുകൾ. 

PREV
click me!

Recommended Stories

ജപ്പാൻ മാത്രമല്ല, മറ്റൊരു രാജ്യത്തിന്‍റെയും ചുമതല, ഒരേസമയം രണ്ട് രാജ്യങ്ങളുടെ അംബാസഡറായി മലയാളി ഐഎഫ്എസ് ഉദ്യോ​ഗസ്ഥ; ആരാണ് ന​ഗ്മ മുഹമ്മദ് മല്ലിക്
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവര്‍ ശ്രദ്ധിക്കുക; ക്ലിനിക്കൽ ക്ലർക്ക്ഷിപ്പ് കൗൺസിലിങ് 11ന്