
തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ടാലൻ്റ് ഹണ്ട് സീസൺ 5 മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 28 ന് (ശനിയാഴ്ച്ച) രാവിലെ 10.30 ന് തിരുവനന്തപുരം നീറമൺകര മന്നം മെമ്മോറിയൽ സ്കൂളിൽ വച്ച് കേന്ദ്ര വിദേശകാര്യ, ടെക്സ്റ്റെൽസ് വകുപ്പ് സഹമന്ത്രി പബിത്ര മാർഗരിറ്റ നിർവ്വഹിക്കും. ജില്ലയിലെ ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി, കോളേജ് വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. മുൻ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അധ്യക്ഷത വഹിക്കും.
ഓരോ വിഭാഗത്തിൽ നിന്നും പ്രാഥമിക തല മത്സരങ്ങളിൽ വിജയികളായ രണ്ട് കുട്ടികൾക്ക് ഓരോ വിദ്യാലയത്തിൽ നിന്നും ജൂലൈ 5, 6 തീയതികളിൽ നടക്കുന്ന താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കാം. ജില്ലയിൽ നിന്നും ഫൈനൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 36 കുട്ടികൾക്ക് ഓഗസ്റ്റിൽ ദില്ലിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനും കേന്ദ്രമന്ത്രിമാരുമായി സംവദിക്കുന്നതിനും അവസരം ലഭിക്കും.
മേരാ യുവ ഭാരത് സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ, സെൻടൽ ബ്യൂറോ ഓഫ് കമ്മൂണിക്കേഷൻ ഡയറക്ടർ വി. പാർവ്വതി, നായർ സർവ്വീസ് സൊസൈറ്റി വൈസ് പ്രസിഡൻ്റ് എം. സംഗീത് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ആർ ശ്രീകുമാരി, ജില്ലാ കോ-ഓഡിനേറ്റർ പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുക്കും. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനുമായി സംയുക്തമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കോ-ഓർഡിനേറ്റർ പള്ളിപ്പുറം ജയകുമാറിനെ 9446331874 എന്ന നമ്പറിൽ ബന്ധപ്പെടുക.