ഒരേ വീട്ടിൽ നിന്നും 2 ഡോക്ടറേറ്റ് ബിരുദധാരികൾ; സഹോദരിമാരായ ഹരിതക്കും അശ്വതിക്കും അഭിമാന നേട്ടം, അനുമോദിച്ച് മന്ത്രി

Published : Jun 26, 2025, 11:27 PM IST
palakkad sisters doctorate

Synopsis

ഒരേ വീട്ടിൽ നിന്നും രണ്ട് ഡോക്ടറേറ്റ് ബിരുദധാരികൾ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കുമരനെല്ലൂർ തോട്ടുങ്ങൽ വത്സലൻ്റെയും സ്മിതയുടെയും മക്കളായ അശ്വതിയും ഹരിതയും.

പാലക്കാട്: ചെറിയ ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഉപജീവനം നടത്തുന്ന പാലക്കാട് തൃത്താലയിലെ കുടുംബം. പെൺമക്കളുടെ ഉന്നത പഠനത്തിനായി മുണ്ട് മുറുക്കിയുടുത്ത് എല്ലാ സൌകര്യവുമൊരുക്കി ഒരു അച്ഛനും അമ്മയും. ഒടുവിൽ തൃത്താലക്കാരുടെ അഭിമാനമായി സഹോദരിമാരായ അശ്വതിയും ഹരിതയും. ഒരേ വീട്ടിൽ നിന്നും രണ്ട് ഡോക്ടറേറ്റ് ബിരുദധാരികൾ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് തൃത്താല കുമരനെല്ലൂർ തോട്ടുങ്ങൽ വീട്ടിൽ വത്സലൻ്റെയും സ്മിതയുടെയും മക്കളായ അശ്വതിയും ഹരിതയും.

അതി പ്രശസ്തമായ സി എസ് ഐ ആറിന് കീഴിലുള്ള സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CECRI) ൽ നിന്നാണ് അശ്വതി കെമിസ്ട്രി യിൽ ഗവേഷണം പൂർത്തിയാക്കിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ നിന്ന് മാത്തമാറ്റിക്സിലാണ് ഹരിത പിഎച്ച്ഡി നേടിയത്. തൃത്താല പോലൊരു ഗ്രാമീണ മേഖലയിൽ നിന്ന് ഈ നേട്ടം കരസ്ഥമാക്കിയ ഹരിതയെയും അശ്വതിയെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

തൃത്താല കുമരനെല്ലൂർ തോട്ടുങ്ങൽ വീട്ടിൽ വത്സലന്‍റേയും സ്മിതയുടെയും മക്കളാണ് ഇരുവരും. കുമരനല്ലൂരിൽ നടത്തുന്ന ഒരു ചെറിയ ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് രണ്ടു മക്കളെയും ഉന്നത ബിരുദധാരികളാക്കിയ വത്സലനും സ്മിതക്കും കൂടി ഈ നേട്ടത്തിൽ ഒരു പങ്കുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. തൃത്താലയിൽ നടപ്പാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എൻലൈറ്റിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആവേശവും കരുത്തും പകരുന്നതാണ് സഹോദരങ്ങളുടെ ഈ നേട്ടം. തൃത്താലയിലെ പുതിയ രണ്ട് യുവശാസ്ത്രജ്ഞർക്ക് അനുമോദനങ്ങൾ അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം