
യുഎസ്: ഇന്ത്യാ സന്ദർശനത്തിൽ തന്നെ ഏറ്റവുമധികം ആകർഷിച്ചത് ദില്ലിയിലെ സ്കൂളുകളിലെ ഹാപ്പിനെസ്സ് ക്ലാസ്സാണെന്ന് അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപ്. തന്റെ ട്വിറ്ററിലാണ് മെലാനിയ ചിത്രങ്ങളടക്കം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഫെബ്രുവരി 24-25 തീയതികളിലാണ് രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയത്. ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിന് വേണ്ടി മോട്ടിബാഗിലെ സര്‍വോദയ കോ-എജുക്കേഷന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ വീഡിയോ സഹിതമാണ് മെലാനിയ ട്രംപിന്റെ ട്വീറ്റ്.
"ദില്ലി സര്‍വോദയ സ്‌കൂളില്‍ മറക്കാനാവാത്ത ഒരു അപരാഹ്നം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം ചിലവഴിച്ചത് ഒരു ബഹുമതിയാണ്. ഹൃദ്യമായ സ്വീകരണത്തിന് നന്ദി." - അവര്‍ ട്വിറ്ററില്‍ കുറിച്ചു. സ്‌കൂള്‍ സന്ദര്‍ശിക്കുന്ന വീഡിയോയും കുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിബെസ്റ്റ് എന്ന ഹാഷ് ടാഗോട് കൂടിയാണ് ട്വീറ്റ്.
സ്‌കൂളില്‍ എത്തിയ മെലാനിയയെ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് സ്വീകരിച്ചത്. ഒരു മണിക്കൂറിലധികം സമയം സ്‌കൂളില്‍ ചിലവഴിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. ഹാപ്പിനെസ്സ് ക്ലാസിന് പുറമെ വിദ്യാര്‍ഥികള്‍ ഒരുക്കിയ മറ്റു പരിപാടികളും അവര്‍ വീക്ഷിച്ചു. രാജസ്ഥാനി, പഞ്ചാബി നൃത്തരൂപങ്ങളും സ്‌കൂളിന് പുറത്തെ മൈതാനത്തില്‍ ഏതാനും വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സൂര്യനമസ്‌കാരവും അവതരിപ്പിച്ചിരുന്നു.
വിദ്യാഭ്യാസ വിപ്ലവത്തിൽ ശ്രദ്ധയൂന്നിയ എഎപി. സർക്കാർ 2018 ജൂലായിൽ സർക്കാർ സ്കൂളുകളിൽ നടപ്പാക്കിയതാണ് ഹാപ്പിനസ് കരിക്കുലം. പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളുടെ മാനസികസമ്മർദം കുറയ്ക്കുക, കാര്യക്ഷമത മെച്ചപ്പെടുത്തുക തുടങ്ങിയവയ്ക്ക് വേണ്ടിയുള്ളതാണ് ഈ പാഠ്യപദ്ധതി. 45 മിനിട്ട് നീണ്ടു നില്‍ക്കുന്ന ഈ ക്ലാസില്‍ മെഡിറ്റേഷന്‍, കഥ പറച്ചില്‍, മാനസിക വ്യായാമങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. സന്തോഷത്തിന്റെ വഴികളിലൂടെ കുട്ടികളിൽ ഉന്മേഷംവളർത്തി കൂടുതൽ പഠനമികവ് പ്രകടിപ്പിക്കാൻ വഴിയൊരുക്കുന്നു. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രത്യേകം പരീക്ഷയൊന്നുമില്ല. എന്നാൽ, സമയബന്ധിത പരിശോധന നടത്തി വിദ്യാർഥികളുടെ മികവ് വിലയിരുത്തും.