പാരാമെഡിക്കൽ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പ്; പെൺകുട്ടികൾക്കായി 50 ശതമാനം സംവരണം

By Web TeamFirst Published Oct 29, 2021, 2:08 PM IST
Highlights

പ്ലസ് ടൂ പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള  എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്‌സിംഗ് ഡിപ്ലോമ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് (Nursing Diploma or Paramedical diploma Courses)  പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പ് (Mother Theresa Scholarship) ജനസംഖ്യാനുപാതികമായി നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിങ് നേഴ്‌സിങ് കോളേജു കളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കണം. 

പ്ലസ് ടൂ പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള  എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. കോഴ്‌സ് ആരംഭിച്ചവർക്കും/രണ്ടാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്.  ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ  വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 

50 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്‌കോളർഷിപ്പ് നൽകുന്നതാണ്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പ് വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2300524 എന്ന നമ്പറിൽ ബന്ധപ്പെടുക.

click me!