NEET exam Topper| 45 മിനിറ്റ് പഠനം, 15 മിനിറ്റ് വിശ്രമം; നീറ്റ് പരീക്ഷയിൽ 720 മാർക്കും നേടി മൃണാള്‍

Web Desk   | Asianet News
Published : Nov 03, 2021, 12:36 PM ISTUpdated : Nov 03, 2021, 12:38 PM IST
NEET exam Topper| 45 മിനിറ്റ് പഠനം, 15 മിനിറ്റ് വിശ്രമം; നീറ്റ് പരീക്ഷയിൽ 720 മാർക്കും നേടി മൃണാള്‍

Synopsis

മുക്കാൽ മണിക്കൂർ പഠിക്കും. തുടർന്ന് 15 മിനിറ്റ് ഇടവേളയെടുക്കും. നീറ്റ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ ഇങ്ങനെയാണെന്ന് മൃണാൾ പറഞ്ഞു. ഇടവേളയെടുക്കുന്ന പതിനഞ്ച് മിനിറ്റ് ടിവി കാണാനോ വീഡിയോ ​ഗെയിം കളിക്കാനോ ചെലവഴിക്കും. 

ദില്ലി: ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് മൃണാളിന് (Mrinal Kutteri) ഡോക്ടറാകണമെന്ന് ആ​ഗ്രഹം തോന്നിയത്. കാരണം മറ്റൊന്നുമായിരുന്നില്ല. സമൂഹത്തെ സേവിക്കാനും പൊതുജനങ്ങൾക്ക് സഹായം നൽകാനും മെഡിക്കൽ‌ മേഖല തനിക്ക് അവസരം നൽകുമെന്ന് മൃണാളിന് ഉറപ്പായിരുന്നു. (NEET Exam 2021) 2021 ലെ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് (First Rank) നേടിയാണ് മൃണാൾ തന്റെ ആ​ഗ്രഹം സഫലമാക്കാനൊരുങ്ങുന്നത്. 720 ൽ 720 മാർക്കും നേടി ചരിത്രം രചിച്ചു കൊണ്ടാണ് ഈ വിദ്യാർത്ഥിയുടെ വിജയത്തിളക്കം. ഹൈദരാബാദ് സ്വദേശിയായ മുണാളിന്റെ പിതാവ് എച്ച് ആർ കൺസൾട്ടന്റായി ജോലി ചെയ്യുന്നു. അമ്മ സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ്. 

'മുക്കാൽ മണിക്കൂർ പഠിക്കും. തുടർന്ന് 15 മിനിറ്റ് ഇടവേളയെടുക്കും.'  നീറ്റ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ ഇങ്ങനെയാണെന്ന് മൃണാൾ പറഞ്ഞു. ഇടവേളയെടുക്കുന്ന പതിനഞ്ച് മിനിറ്റ് ടിവി കാണാനോ വീഡിയോ ​ഗെയിം കളിക്കാനോ ചെലവഴിക്കും. ഹോബികൾ മാറ്റിവെച്ചല്ല മൃണാൾ പരീക്ഷക്ക് തയ്യാറെടുത്തതെന്ന് ഇതിൽ നിന്ന് വ്യക്തം. 'ഈ രീതി വളരെ പ്രൊഡക്റ്റീവായി തോന്നി. എനിക്ക് പരീക്ഷയിൽ മികച്ച സ്കോർ നേടാനും സാധിച്ചു.' മൃണാളിന്റെ വാക്കുകൾ.

'എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിം​ഗ്) യുടെ ബുക്കുകൾ പഠിക്കാനാണ് അധ്യാപകർ നിർദ്ദേശിച്ചത്. നീറ്റിന് തയ്യാറെടുക്കുന്ന സമയത്ത് എന്റെ ഹോബികൾ മാറ്റി വെക്കാൻ ഞാൻ തയ്യാറായില്ല അങ്ങനെ ചെയ്യുന്നത് വിപരീത ഫലം ലഭിക്കാൻ കാരണമാകും' എന്നാണ് എന്റെ അഭിപ്രായം. ലോക്ക്ഡൗൺ സമയത്തും പഠനത്തിനായി ചെലവഴിച്ചു. യാത്ര ചെയ്യുന്ന അവസരങ്ങളിലും വായിക്കാനും പഠിക്കാനുമുള്ള സമയമാക്കി മാറ്റി. പഠിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചാണ് പഠനം തുടങ്ങിയതെന്നും മൃണാൾ വ്യക്തമാക്കി. 

'പഠിക്കാനിരിക്കുന്ന സമയത്ത് മൊബൈൽ ഫോൺ അടുത്തുണ്ടായിരിക്കില്ല. സുഹൃത്തുക്കളുമായുള്ള ആശയവിനിമയം കുറച്ചു. പക്ഷേ സാമൂഹിക ജീവിതം തീർത്തും ഉപേക്ഷിച്ചായിരുന്നില്ല പഠനമെന്നും' മൃണാൾ പറഞ്ഞു. പരീക്ഷയുടെ സമ്മർദ്ദം നൽകാതെ പഠിക്കാനും മികച്ച വിജയം നേടാനും തന്നെ സഹായിച്ചത് അധ്യാപകരും മാതാപിതാക്കളുമാണെന്ന് മൃണാൾ കൂട്ടിച്ചേർത്തു. 2021 നീറ്റ് പരീക്ഷയിൽ മൂന്ന് പേരാണ് മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് പങ്കിട്ടെടുത്തത്. 

മെഡിക്കൽ കോഴ്സുകളിലേക്കുള്ള ബിരുദ പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ മൂന്ന് വിദ്യാർത്ഥികൾ പരീക്ഷയിലെ മുഴുവൻ മാർക്കും നേടി.  720 ആണ് ആകെ മാർക്ക്. തെലങ്കാനയിൽ നിന്നുള്ള മൃണാൾ കുത്തേരി, ദില്ലിയിൽ നിന്നുള്ള തൻമയ് ​ഗുപ്ത, മഹാരാഷ്ട്രയിൽ നിന്നുള്ള കാർത്തിക നായർ എന്നിവരാണ് 720 മാർക്കും നേടി ഒന്നാം റാങ്ക് പങ്കിട്ടെടുത്തത്.  ഈ വർഷം 16,14,777 വിദ്യാർത്ഥികളാണ് നീറ്റ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വി​ദ്യാർത്ഥികളുടെ എണ്ണത്തിൽ 1.09 വർദ്ധനവുണ്ടെന്ന് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പറഞ്ഞു. ഇവരിൽ 15,44,275 പേർ പരീക്ഷക്ക് ഹാജരായി. 870074 പേർ യോ​ഗ്യത നേടി. 
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു