National Mathematics Day :​ ദേശീയ ​ഗണിത ദിനം; ​ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജനെ ഓർമ്മിക്കുമ്പോൾ

Web Desk   | Asianet News
Published : Dec 22, 2021, 10:01 AM ISTUpdated : Dec 22, 2021, 10:35 AM IST
National Mathematics Day :​ ദേശീയ ​ഗണിത ദിനം; ​ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജനെ ഓർമ്മിക്കുമ്പോൾ

Synopsis

മാനവികതയുടെ വികസനത്തിനും പുരോ​ഗതിക്കും ​ഗണിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്നതാണ് ദേശീയ ​ഗണിത ​ദിനത്തിന്റെ ലക്ഷ്യം.   

ഇന്ത്യൻ ​ഗണിതശാസ്ത്രത്തിലെ അത്ഭുതപ്രതിഭയായ (Srinivasa Ramanujan) ശ്രീനിവാസ രാമാനുജന്റെ ബഹുമാനാർത്ഥമാണ് എല്ലാ വർഷവും ഡിസംബർ 22 ദേശീയ ​ഗണിത ദിനമായി (National Mathematics Day) ആചരിക്കുന്നത്. ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഡിസംബർ 22. 2012 ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗാണ് ഡിസംബർ 22 ദേശീയ ​ഗണിതദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. മാനവികതയുടെ വികസനത്തിനും പുരോ​ഗതിക്കും ​ഗണിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്നതാണ് ദേശീയ ​ഗണിത ​ദിനത്തിന്റെ ലക്ഷ്യം. 

ഇന്ത്യൻ ഗണിത ശാസ്ത്രത്തെക്കുറിച്ചുള്ള കഥകൾ പലതും കേവലം അതിശയോക്തിയാണ്. പക്ഷേ ശ്രീനിവാസ രാമാനുജന്‍റെ കഥയിൽ പതിരില്ല. ​ഗണിതത്തിൽ ഔപചാരിക വിദ്യാഭ്യാസം നേടാത്ത ആധുനിക ഗണിത ശാസ്ത്രത്തിന് ഈ രാജ്യം നൽകിയ എറ്റവും വലിയ സമ്മാനമാണ് രാമാനുജൻ. 1887 ഡിസംബർ 22ന് മദ്രാസിലെ ഈറോഡിലാണ് ശ്രീനിവാസ രാമാനുജൻ ജനിച്ചത്.  തമിഴ്‌നാട് ഈറോഡിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച കുട്ടിക്ക് 15ആം വയസിലൊരു പുസ്തകം കിട്ടി സിനോപ്സിസ് ഓഫ് എലിമെന്‍ററി റിസൾട്സ് ഇൻ പ്യൂവർ ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്. ജോർജ്ജ് കാർ എന്ന അത്ര പ്രശസ്തനല്ലാത്ത ഒരു ഗണിതശാസ്ത്രജ്ഞന്‍റെ പുസ്തകം. 

രാമാനുജനെ കണക്കിൽ കുടുക്കിയത് ഈ പുസ്തകമാണ്. ഉത്തരങ്ങൾ തേടി തല പുകച്ചു, കാർ പറയാത്തത് രാമാനുജൻ കണ്ടെത്തി.  സ്വന്തം സിദ്ധാന്തങ്ങൾ ചമച്ചു. ഗണിതം തലയ്ക്ക് പിടിച്ചു. കോളേജിൽ സ്കോളർഷിപ്പോടെ പ്രവേശനം നേടിയെങ്കിലും ഗണിതത്തില്ലലാതെ മറ്റൊന്നിലും ശ്രദ്ധയില്ലാത്ത രാമാനുജൻ ബാക്കി വിഷയങ്ങളിൽ തോറ്റു, അങ്ങനെ സ്കോളർഷിപ്പ് പോയി. ഇതിനിടയിൽ വിവാഹം. മദ്രാസ് പോർട്ട് ട്രസ്റ്റിൽ ഗുമസ്തപ്പണിയെടുത്ത് കൊണ്ട് രാമാനുജൻ തന്‍റെ കണക്ക് കൂട്ടലുകൾ തുടർന്നു. 1911ൽ ജേണൽ ഓഫ് ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയിൽ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു. 

ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞൻ ഹാർഡിയുമായി കത്തുകളിലൂടെ ബന്ധം സ്ഥാപിച്ചു, അതായിരുന്നു അടുത്ത വഴിത്തിരിവ്. അസാമാന്യ പ്രതിഭ തിരിച്ചറിഞ്ഞ ഹാർഡി രാമാനുജനെ ലണ്ടനിലെത്തിച്ചു. കടൽ കടന്നെത്തിയ രാമാനുജൻ സമകാലികർക്ക് അത്ഭുതമായിരുന്നു, ഗണിത ശാസ്ത്രത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ഒന്നുമറിയാത്തവൻ,  പക്ഷേ അവന്‍റെ സിദ്ധാന്തങ്ങൾ തള്ളിക്കളയാൻ ആകുമായിരുന്നില്ല. നമ്പർ തിയറിയിൽ രാമാനുജൻ പുതു വഴി വെട്ടി. 1918ൽ റോയൽ സൊസൈറ്റി അഗത്വം രാമാനുജനെ തേടിയെത്തി. അസാമാന്യ പ്രതിഭയ്ക്ക് പക്ഷേ ആയുസ് കുറവായിരുന്നു.  

1920 ഏപ്രിൽ 26ന് ക്ഷയരോഗം രാമാനുജനെ കീഴടക്കി. 32 വർഷവും 4 മാസവും നാല് ദിവസവും മാത്രം നീണ്ട ജീവിതം. അതിൽ തന്നെ 1914 മുതൽ മരണം വരെയുള്ള ആറ് വർഷങ്ങളിലാണ് രാമാനുജന്റെ പ്രധാന സംഭാവനകൾ വന്നത്. ഇന്ന് ഡിസംബർ 22 ശ്രീനിവാസ രാമാനുജന്‍റെ 134 -ാം ജന്മദിനം. ഗണിതമുള്ളിടത്തോളം കാലം ഓർക്കപ്പെടും ശ്രീനിവാസ രാമാനുജൻ.
 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു