മാറ്റി വച്ച പരീക്ഷ തീയതികൾ പത്ത് ദിവസം മുമ്പ് അറിയിക്കും: സിബിഎസ്ഇ

By Web TeamFirst Published Apr 30, 2020, 12:13 AM IST
Highlights

നിലവില്‍ പത്ത്, 12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷകള്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ മതിയായ സമയം നല്‍കിക്കൊണ്ടാകും തീയതികള്‍ പ്രഖ്യാപിക്കുക.
 

ദില്ലി: കൊവിഡ് ബാധയെ തുടർന്ന മാറ്റി വച്ച സിബിഎസ്‍‍ഇ പരീക്ഷകളുടെ പുതിയ തീയതികൾ പത്ത് ദിവസം മുമ്പ് തന്നെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ വിഷയത്തിൽ സംശയമോ ആശങ്കയോ പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ ഉറപ്പ് നൽകി. പരീക്ഷാ തീയതികളെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾ നിരവധി സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് യുജിസി ഈ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ പത്ത്, 12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷകള്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ മതിയായ സമയം നല്‍കിക്കൊണ്ടാകും തീയതികള്‍ പ്രഖ്യാപിക്കുക.

29 പ്രധാന വിഷയങ്ങളില്‍ മാത്രമേ ഇനി പരീക്ഷ നടത്തൂ. ഉപരിപഠനത്തിന് നിര്‍ണായകമായ വിഷയങ്ങളാണിവ. സ്ഥിതിഗതികള്‍ വിലയിരുത്തി പരീക്ഷാത്തീയതികള്‍ സംബന്ധിച്ച് എത്രയും വേഗത്തില്‍ തീരുമാനമെടുക്കാനാവുമെന്നാണ് സി.ബി.എസ്.ഇ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ പ്രത്യേക സാഹചര്യത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റിവെക്കേണ്ടിവന്നിരുന്നു. അവയും പിന്നീട് നടത്തും. ഇവിടെയൊഴികെ മറ്റെല്ലായിടത്തും 10-ാം ക്ലാസ് പരീക്ഷകള്‍ നടത്തിക്കഴിഞ്ഞിരുന്നു. പരീക്ഷ നടത്താനുള്ള വിവിധ വിഷയങ്ങളുടെ പട്ടിക ഏപ്രില്‍ ഒന്നിന് സി.ബി.എസ്.ഇ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ നല്‍കിയിട്ടുണ്ട്. 

നിലവിലെ സാഹചര്യത്തില്‍ മൂല്യനിര്‍ണയം പുനരാരംഭിക്കാനാവില്ല. ഇതുസംബന്ധിച്ച അറിയിപ്പുകളും പിന്നീട് വരുന്നതായിരിക്കും. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്തില്ല. വ്യാജ വാര്‍ത്തകളെ വിശ്വസിക്കരുതെന്നും സി.ബി.എസ്.ഇ മുന്നറിയിപ്പു നല്‍കി. എല്ലാവിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റായ www.cbse.nic.in-ല്‍ പ്രസിദ്ധീകരിക്കും. 
 

click me!