ഇന്നത്തെ പരീക്ഷ മാറ്റില്ലെന്ന പിടിവാശിയിൽ എംജി, ഇടപെട്ട് സർക്കാർ, ഒടുവിൽ മാറ്റി

By Web TeamFirst Published Mar 20, 2020, 1:19 PM IST
Highlights

കേരള, കണ്ണൂര്‍ സർവ്വകലാശാലകള്‍ ഇന്ന് ഉച്ചയ്‍ക്ക് നടത്തേണ്ട പരീക്ഷകള്‍ അടക്കം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

കോട്ടയം: എംജിയില്‍ പരീക്ഷകള്‍ മാറ്റിയതായി വി സി ഡോ. സാബു തോമസ്. ചോദ്യപേപ്പര്‍ നല്‍കിയതിനാല്‍ ഇന്നത്തെ പരീക്ഷ മാറ്റില്ലെന്നായിരുന്നു എംജി യൂണിവേഴ്‍സിറ്റിയുടെ അറിയിപ്പ്. എന്നാല്‍  പരീക്ഷകള്‍ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതോടെ എംജി സര്‍വ്വകലാശാലയും ഇന്നത്തെ പരീക്ഷ മാറ്റുകയായിരുന്നു. അധ്യാപകര്‍ കോളേജില്‍ എത്തേണ്ടതില്ലെന്നുള്ള തീരുമാനവും എടുത്തിട്ടുണ്ട്. സര്‍വ്വകലാശാലകളില്‍ കേന്ദ്രീകൃത മൂല്യ നിർണ്ണയം ഒഴിവാക്കും

കേരള, കണ്ണൂര്‍ സർവ്വകലാശാലകള്‍ ഇന്ന് ഉച്ചയ്‍ക്ക് നടത്തേണ്ട പരീക്ഷകള്‍ അടക്കം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചത്. എസ്എസ്എല്‍സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെക്കാനാണ് തീരുമാനം. എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും. 

ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളുമായി പരീക്ഷകള്‍ തുടരാനാണ് ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്രം കൂടുതല്‍ നിയന്ത്രണങ്ങളുമായി  മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പരീക്ഷ തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായി. ഇതിന് പിന്നാലെയാണ് പരീക്ഷകള്‍ മാറ്റുള്ള നിര്‍ണ്ണായക തീരുമാനം എടുത്തത്. 

സിബിഎസ്ഇയുടെ 10, 12 ക്ലാസ് പരീക്ഷ, യുജിസി, എഐസിടിഇ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെഇഇ മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നത്.

click me!