
ചെന്നൈ: ഒരു കമ്പനിയിൽ സുരക്ഷാ ജീവനക്കാരാനായി ജോലി ചെയ്ത് ശേഷം അതേ സ്ഥാപനത്തിൽ തന്നെ സോഫ്റ്റ്‌വെയർ എഞ്ചിനിയറായി മാറിയ കഥ കേട്ടിട്ടുണ്ടോ... അഡ്രിനാലിൻ റഷ് നൽകുന്ന ഒരു സിനിമയിലെ ക്ലൈമാക്സ് സീനാണെന്ന് കരുതിയോ, എങ്കിൽ തെറ്റി! യഥാര്‍ത്ഥ ജീവിതത്തിൽ സിനിമയെ വെല്ലുന്ന ഹീറോ ആയി മാറിയിരിക്കുകയാണ് അബ്‍ദുൾ അലിം എന്ന യുവാവ്.
കോളേജ് ബിരുദം ഇല്ലാതെ തന്നെ പ്രതിസന്ധികളെ മറികടന്ന് വിജയം നേടിയ തന്‍റെ അവിശ്വസനീയമായ യാത്രയെക്കുറിച്ച് അബ്‍ദുൾ അലിം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വിശദീകരിച്ചു. 2013ൽ, വെറും 1,000 രൂപയുമായി വീടുവിട്ട അലിം, അതിൽ 800 രൂപ ട്രെയിൻ ടിക്കറ്റിനായി ചെലവഴിച്ചു. ജോലിയോ പോകാൻ ഒരിടമോ ഇല്ലാതെ ഏകദേശം രണ്ട് മാസത്തോളം തെരുവുകളിൽ ചെലവഴിച്ച ശേഷമാണ്, ഒടുവിൽ സോഹോയുടെ ഓഫീസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിച്ചത്.
ജീവിതം മാറിയ വഴി
തന്‍റെ 12 മണിക്കൂർ ഷിഫ്റ്റിനിടെ സോഹോയിലെ ഒരു സീനിയർ ജീവനക്കാരനായ ഷിബു അലക്സിസ് അലിമിനെ ശ്രദ്ധിക്കുകയും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. "അദ്ദേഹം എന്‍റെ പേര് ചോദിച്ചു, എന്നിട്ട് പറഞ്ഞു, അലിം, നിങ്ങളുടെ കണ്ണുകളിൽ എനിക്കെന്തോ കാണാൻ കഴിയുന്നുണ്ട്," അലിം ആ നിമിഷം ഓർത്തെടുത്തു. പത്താം ക്ലാസ് വരെ മാത്രം പഠിക്കുകയും അൽപ്പം എച്ച്ടിഎംഎൽ അറിയുകയും ചെയ്തിരുന്ന അലിമിന് കൂടുതൽ പഠിക്കാൻ അതിയായ താൽപര്യമുണ്ടായിരുന്നു.
അലക്സിസ് അലിമിന് മാർഗ്ഗദർശിയാകാൻ സന്നദ്ധത അറിയിച്ചു. അടുത്ത എട്ട് മാസത്തേക്ക്, അലിം പകൽ സെക്യൂരിറ്റി ഡ്യൂട്ടികൾ പൂർത്തിയാക്കുകയും വൈകുന്നേരങ്ങളിൽ പ്രോഗ്രാമിംഗ് പഠിക്കുകയും ചെയ്തു. ഒടുവിൽ, ഉപയോക്താവിന്‍റെ ഇൻപുട്ടുകൾ ദൃശ്യവൽക്കരിക്കുന്ന ഒരു ലളിതമായ ആപ്പ് അദ്ദേഹം നിർമ്മിച്ചു, ഇത് അലക്സിസ് ഒരു സോഹോ മാനേജരെ കാണിച്ചു.
സോഹോയിൽ ഡിഗ്രി ആവശ്യമില്ല, വേണ്ടത് നിങ്ങളുടെ കഴിവ്
ആപ്പിൽ മതിപ്പുതോന്നിയ മാനേജർ അലിമിനെ അഭിമുഖത്തിനായി ക്ഷണിച്ചു. ഡിഗ്രിയില്ലാത്തതിലുള്ള ആശങ്ക അദ്ദേഹം അറിയിച്ചപ്പോൾ മാനേജർ നൽകിയ മറുപടി ഇതായിരുന്നു: "സോഹോയിൽ നിങ്ങൾക്ക് കോളേജ് ബിരുദം ആവശ്യമില്ല. ഇവിടെ പ്രധാനമായിട്ടുള്ളത് നിങ്ങളും നിങ്ങളുടെ കഴിവുകളുമാണ്." അലിം അഭിമുഖം വിജയിക്കുകയും സോഹോയിൽ ഡെവലപ്പർ ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
ഇന്ന് എട്ട് വർഷങ്ങൾക്കിപ്പുറവും അദ്ദേഹം അതേ കമ്പനിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്‍റ് എഞ്ചിനീയറായി തുടരുന്നു. തനിക്ക് അവസരം നൽകിയതിന് ഷിബു അലക്സിസിനോടും കമ്പനിയോടുമുള്ള നന്ദി അലിം പോസ്റ്റിൽ രേഖപ്പെടുത്തി. "ഷിബു അലക്സിസിന് എല്ലാ അറിവിനും പാഠങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എന്നെത്തന്നെ തെളിയിക്കാൻ അവസരം നൽകിയ സോഹോയ്ക്കും നന്ദി. അവസാനമായി, പഠനം തുടങ്ങാൻ ഒരിക്കലും വൈകിയിട്ടില്ല" അദ്ദേഹം കുറിച്ചു.