അധ്യാപകർക്ക് ഓൺലൈൻ വഴി പരിശീലനം നൽകാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

By Web TeamFirst Published May 11, 2020, 4:05 PM IST
Highlights

ലോക്ഡൗൺ കാലത്ത് സാധാരണ ഗതിയിൽ പരിശീലനം നടത്തുവാൻ സാധ്യമല്ലാത്തതിനാലാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായും പരിശീലനം നടപ്പിലാക്കുന്നത്. 

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേയ്ക്ക് അധ്യാപകരെ സജ്ജരാക്കുന്നതിനുളള ഓൺലൈൻ പരിശീലന പരിപാടി ഈമാസം14ന് ആരംഭിക്കും. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് 2020-21 അക്കാദമിക് വർഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നത്. 

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമായാണ് പരിശീലനം.കഴിഞ്ഞ വർഷങ്ങളിൽ മികച്ച രീതിയിൽ ഈ പരിശീലന പരിപാടി നടത്തുവാൻ സാധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ നല്ല നിലയിൽ ഉപയോഗിക്കാൻ കഴിവുള്ള അധ്യാപകരെ വാർത്തെടുക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഹൈടെക് ക്ലാസ് സംവിധാനത്തിൽ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

ലോക്ഡൗൺ കാലത്ത് സാധാരണ ഗതിയിൽ പരിശീലനം നടത്തുവാൻ സാധ്യമല്ലാത്തതിനാലാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായും പരിശീലനം നടപ്പിലാക്കുന്നത്. അതിനനുസരിച്ച് മോഡ്യൂളുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. എല്ലാ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുക്കണം. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യം അനുകൂലമല്ലാത്ത പക്ഷം അന്നുതന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ളള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്.

click me!