മഴക്കെടുതി; നാളത്തെ പ്ലസ് വൺ പരീക്ഷ മാറ്റി

By Web TeamFirst Published Oct 17, 2021, 11:04 AM IST
Highlights

നാളെ നടക്കാനിരുന്ന പ്ലസ് വൺ പരീക്ഷ മഴക്കെടുതി മൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതിയിൽ ആയതോടെ നാളത്തെ പ്ലസ് വൺ പരീക്ഷകൾ മാറ്റി. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോളേജുകൾ തുറക്കുന്ന തീയതി ഇന്നലെത്തന്നെ ഇരുപതിലേക്ക് മാറ്റിയിരുന്നു. നാളെ നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് അറിയിച്ചു. എംജി യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. 

അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിൽ തോരാതെ പെയ്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന പെരുമഴയ്ക്ക് കാരണം ലഘുമേഘ വിസ്ഫോടനമാണെന്നാണ് വിലയിരുത്തൽ. അസാധാരണമായി രൂപംകൊള്ളുന്ന മേഘകൂമ്പാരങ്ങളാണ് പലയിടത്തും രണ്ട് മണിക്കൂറിൽ അഞ്ച് സെന്‍റിമീറ്ററിലധികം തീവ്രമഴയായി പെയ്തിറങ്ങിയത്. അറബിക്കടലിലെ ന്യൂനമർദ്ദ വിശകലനത്തിൽ മാത്രം പ്രവചനം ചുരുങ്ങിയാൽ മുന്നറിയിപ്പില്ലാത്തതിനാൽ പ്രാദേശികമായ ദുരന്തങ്ങൾ ഇനിയും ആവർത്തിച്ചേക്കാം. ഇന്നലെ രാവിലെ മുതൽ കേരളത്തിന്‍റെ ആകാശം മേഘാവൃതമായി ഇരുൾ മൂടിയിരുന്നു. എന്നാൽ ഇതിൽ തന്നെ കൂടുതൽ തീവ്രമായ ചെറു മേഘകൂട്ടങ്ങൾ കണ്ട സ്ഥലങ്ങളിലാണ് മഴ ആ‌ർത്തലച്ച് പെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചക്ക് ശേഷം മഴ വിട്ട് നിന്ന് സംസ്ഥാനത്ത് ഈ ഒരൊറ്റ ദിവസത്തെ മഴയിൽ ഉരുൾപൊട്ടി ദുരന്തങ്ങളും പെയ്തിറങ്ങുന്നത്.

 

click me!