പോണ്ടിച്ചേരി സര്‍വകലാശാല പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 31

By Web TeamFirst Published Jul 11, 2020, 4:21 PM IST
Highlights

കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കോട്ടയം, മാഹി/ തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും.

പോണ്ടിച്ചേരി:  പോണ്ടിച്ചേരി സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തേക്ക് വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ., എം.എസ്‌സി., എം.ടെക്., എം.ബി.എ., എം.സി.എ., എം.കോം., എം.എഡ്., ലൈബ്രറി സയന്‍സ്, എം.പി.എഡ്., എം.എസ്.ഡബ്ല്യു., എം.പി.എ., എല്‍.എല്‍.എം. കോഴ്‌സുകളാണ് ബിരുദാനന്തര ബിരുദ തലത്തിലുള്ളത്. സമര്‍ത്ഥരായ പ്ലസ്ടു/തുല്യ പരീക്ഷ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം.

എല്ലാ പിജി, പിഎച്ച്ഡി കോഴ്സുകളിലേക്കും ദേശീയതലത്തില്‍ ഓഗസ്റ്റ് 21, 22, 23 തീയതികളിലായി നടത്തുന്ന ഓണ്‍ലൈന്‍ അധിഷ്ഠിത എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. പിഎച്ച്ഡി പ്രവേശനത്തിന് ഇന്റര്‍വ്യൂവുമുണ്ടാകും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കോട്ടയം, മാഹി/ തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും.

സര്‍വകലാശാല വെബ്‌സൈറ്റായ www.pondiuni.edu.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. പി.ജി. കോഴ്‌സുകള്‍ക്ക് 600 രൂപയും (എസ്.സി., എസ്.ടി. 300 രൂപ) പിഎച്ച്.ഡി. എം.ബി.എ. കോഴ്‌സുകള്‍ക്ക് 1000 രൂപയുമാണ് (എസ്.സി., എസ്.ടി. 500 രൂപ) അപേക്ഷാഫീസ്. ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ജൂലായ് 31 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. പ്രവേശനയോഗ്യത ഉൾപ്പെടെ കോഴ്‌സുകളുടെ പ്രവേശനം സംബന്ധിച്ച സമഗ്ര വിവരങ്ങൾ www.pondiuni.edu.in വെബ്‌സൈറ്റിൽ ലഭിക്കും.


 

click me!