മലയാളം സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദ കോഴ്സുകള്‍; അവസാന തീയതി ജൂണ്‍ അഞ്ച്

By Web TeamFirst Published May 7, 2021, 9:02 AM IST
Highlights

ഓരോ കോഴ്സിനും അഭിരുചി നിര്‍ണയിക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ്. 

കോഴിക്കോട്: തിരൂരിലുള്ള തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം.എ. -ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം), മലയാളം (സാഹിത്യരചന), മലയാളം (സംസ്‌കാരപൈതൃകപഠനം), ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍സ്, വികസനപഠനവും തദ്ദേശവികസനവും, ചരിത്രം, സാമൂഹ്യശാസ്ത്രം (സോഷ്യോളജി), ചലച്ചിത്രപഠനം എന്നിവയാണ് കോഴ്സുകൾ. 

എം.എ./എം.എസ്സി. -പരിസ്ഥിതിപഠനം

അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോ​ഗ്യത. ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എം.എസ്സി. പരിസ്ഥിതിപഠനത്തിന് പ്ലസ്ടു തലത്തില്‍ സയന്‍സ് പഠിച്ചിട്ടുള്ള ഏത് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 2021 ഏപ്രില്‍ ഒന്നിന് 28 വയസ്സ് കഴിഞ്ഞവരാകരുത്. പട്ടികജാതി/പട്ടികവര്‍ഗം/ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് 30 വയസ്സുവരെ ഇളവ്.

പ്രവേശനപരീക്ഷ: ഓരോ കോഴ്സിനും അഭിരുചി നിര്‍ണയിക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ്. 50 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. 40 ശതമാനം മാര്‍ക്കെങ്കിലും നേടിയാലേ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെടുകയുള്ളൂ.

ഒരാള്‍ക്ക് പരമാവധി രണ്ടുകോഴ്സുള്‍ക്ക് പ്രവേശനപരീക്ഷ എഴുതാം. സാഹിത്യരചനാകോഴ്സിന് അപേക്ഷിക്കുന്നവര്‍ അഞ്ചുപുറത്തില്‍ കവിയാത്ത അവരുടെ ഏതെങ്കിലും രചന (ഒരു കഥ/രണ്ട് കവിത/നിരൂപണം) നിര്‍ബന്ധമായും അഭിരുചിപ്പരീക്ഷാസമയത്ത് കൊണ്ടുവരുകയും പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമര്‍പ്പിക്കുകയും ചെയ്യണം. ഇത് മൂല്യനിര്‍ണയത്തില്‍ പരിഗണിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തിരൂര്‍ എന്നിവിടങ്ങളിലാകും പരീക്ഷാകേന്ദ്രം.അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ അഞ്ച്. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://malayalamuniversity.edu.in/

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!